തേളുകളേയും എട്ടുകാലികളേയും പൊരിച്ചുതിന്ന് ആഞ്ജലീനയും മക്കളും; സിനിമ പ്രമോഷനില്‍ ‘അതുക്കും മേലെ’ ഹോളിവുഡ്

സിനിമ പ്രമോഷനുകള്‍ പലതും നാം കണ്ടിട്ടുണ്ട്. പല താരങ്ങളെയും പലതരത്തില്‍ ഉള്‍പ്പെടുത്തി സ്റ്റേജ് പ്രോഗ്രാമുകളായും പല പല സ്ഥലങ്ങളിലുള്ള സന്ദര്‍ശനങ്ങളായും അതങ്ങ് തീരുകയും ചെയ്യും. എന്നാല്‍ ഹോളിവുഡിലെ ചിലര്‍ അതുക്കും മേലെയാണ്. ഒരു സിനിമ ഇറങ്ങുന്നതിനുമുമ്പേ ശ്രദ്ധനേടാന്‍ ഏതറ്റംവരെയും പോകാന്‍ ഇവര്‍ തയാറാണ്. ഇന്നിപ്പോള്‍ ആഞ്ജലീന ജോളിയാണ് സിനിമ പ്രമോഷനായി രണ്ടുംകല്‍പ്പിച്ചിറങ്ങി തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

താന്‍ പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രധാന ലൊക്കേഷനായ കംബോഡിയയിലെത്തി കുറച്ചു തേളുകളേയും എട്ടുകാലികളേയും പുല്‍ച്ചാടികളേയും ഭക്ഷിച്ചിരിക്കുകയാണ് നടി. വെറുതെയല്ല, കയ്യും കാലുമൊക്കെ വേര്‍പെടുത്തി നല്ല മാംസളമായ ഭാഗമെടുത്ത് വറുത്താണ് കഴിച്ചത്. അമ്മയല്ലേ, കുട്ടികളെക്കൂടാതെ ഭക്ഷിക്കുന്നത് ശരിയാണോ എന്ന് ചിന്തിച്ചാവണം തന്റെ കുട്ടികള്‍ക്കും അവര്‍ ഭക്ഷണം പങ്കുവച്ചു.

പാത്രങ്ങളില്‍ നിറയെ ചെറുജീവികളുമായാണ് ആഞ്ജലീന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അവയുടെ ഭക്ഷ്യയോഗ്യമല്ലാത്ത ഭാഗങ്ങള്‍ നീക്കം ചെയ്യുന്നു. ശേഷം പാചകം. എണ്ണയൊക്കെയൊഴിച്ച് ഫ്രൈപാനില്‍ മൊരിച്ചെടുത്ത തേളിനെ ആസ്വദിച്ച് കഴിക്കുന്ന ഷോലി മക്കള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കൊടുക്കുന്നുമുണ്ട്.

താന്‍ രണ്ടായിരത്തിരണ്ടാമാണ്ടില്‍ കംബോഡിയ സന്ദര്‍ശിച്ചപ്പോഴേ പുല്‍ച്ചാടികളെ കഴിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. ആദ്യം പുല്‍ച്ചാടിയെ ‘ബിയര്‍കൂട്ടിയടിച്ച്’ തുടങ്ങുക, പോകെപ്പോകെ എട്ടുകാലികളേയും കൂടെ അകത്താക്കി പുരോഗമനം നേടാം എന്നാണ് നടിയുടെ പക്ഷം. ആഞ്ജലീന തന്റെ ഒരു കുട്ടിയെ ദത്തെടുത്തത് കംബോഡിയയില്‍നിന്നാണ്.

ആഞ്ജലീന ജോളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഫസ്റ്റ് ദേയ് കില്‍ഡ് മൈ ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് റിലീസിന് തയാറെടുക്കുകയാണ്. ചരിത്രമാണ് പറയുന്നതെങ്കിലും ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിനെന്നും ആഞ്ജലീന പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top