മുഖ്യധാര മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുക്കളെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഡോണാള്‍ഡ് ട്രമ്പ്

വാഷിങ്ടണ്‍ : രാജ്യത്തെ മുഖ്യധാര മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്നും, യഥാര്‍ത്ഥ സംഭവങ്ങള്‍ വളച്ചൊടിച്ച് ജനതയെ തെറ്റിധരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ അഴിമതിയുടെ വക്താക്കളാണന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ സമ്മേളനം കഴിഞ്ഞതിന് ശേഷമാണ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ന്യുയോര്‍ക്ക് ടൈംസ്, എന്‍.ബി.സി, സി.ബി.എസ്, സി എന്‍ എന്‍ തുടങ്ങിയ അഞ്ച് മാധ്യമങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ട്രംപ് ട്വീറ്ററിലൂടെ വിമര്‍ശനമുയര്‍ത്തിയത്. ഈ മുഖ്യധാര മാധ്യമ സ്ഥാപനങ്ങള്‍ വൈറ്റ് ഹൗസിനെതിരെ വ്യാജ വാര്‍ത്തകളാണ് പടച്ചുവിടുന്നത്. ഇവര്‍ അമേരിക്കന്‍ സമൂഹത്തിന്റെ ശത്രുവാണെന്നും ട്രംപ് ട്വിറ്ററില്‍ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റായ ശേഷം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതുമായി ബന്ധപ്പെട്ടും, കുടിയേറ്റക്കാര്‍ക്കെതിരെ ബില്‍ പാസാക്കുന്നതിനെ സംബന്ധിച്ചും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മാധ്യമങ്ങള്‍ രാഷ്ടത്തിന്റെ നാലാം തൂണല്ലെന്നും, ശത്രുവാണെന്നും വിമര്‍ശിച്ച ട്രംപ് ഇടയ്ക്ക് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സ്ഥിതി വിശേഷവും ഉണ്ടായിട്ടുണ്ട്.

പ്രസിഡന്റായ ശേഷവും ട്രംപ് മാധ്യമങ്ങള്‍ക്ക് എതിരായ നിലപാട് കടുപ്പിക്കുന്ന നടപടിയാണ് തുടരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top