ജിയോയുടെ ഫ്രീ സര്‍വ്വീസില്‍ തകര്‍ന്ന് ഇന്ത്യന്‍ ടെലികോം മേഖല; വരുമാനത്തില്‍ വന്‍ കുറവെന്ന് കണക്കുകള്‍

ന്യൂ ദില്ലി: ഇന്ത്യന്‍ മാര്‍ക്കറ്റിലേയ്ക്കുള്ള ജിയോയുടെ വരവോടെ ടെലികോം മേഖലയില്‍ 20 ശതമാനത്തോളം നഷ്ടമുണ്ടായെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  ദേശീയ ഏജന്‍സിയായ ഇന്ത്യ റെയിറ്റിംഗ്‌സ് ആന്റ് റിസേര്‍ച്ച്(IND-RA) 2017-2018 ലെ വിപണി നിലവാരത്തെ പറ്റി നടത്തിയ കണക്കെടുപ്പിലാണ് ടെലികോം മേഖലയിലെ ഈ മെല്ലെപോക്ക് കണ്ടെത്താനായത്.  ജിയോ നല്‍കുന്ന സൗജന്യ ഇന്റര്‍നെറ്റ് സേവനങ്ങളും ഓഫറുകളുമാണ് ടെലികോം മേഖലയ്ക്ക് ഈ കനത്ത നഷ്ടം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

2016 സെപ്റ്റംബര്‍ 5നാണ് ടെലികോം മേഖലയിലേയ്ക്ക് വിപ്ലവം സൃഷ്ടിച്ച് ജിയോ കടന്നുവരുന്നത്.  ജിയോ വന്ന് 90 ദിവസത്തിന്‌ ശേഷം നിലവിലെ പ്ലാനുകളിലെല്ലാം മാറ്റം വരുത്തി വരിക്കാരെ ആകര്‍ഷിക്കാന്‍ പുതിയവ നടപ്പിലാക്കുകയാണ് ചെയ്യ്തത്.  ജിയോ നടപ്പിലാക്കിയ ഹാപ്പി ന്യൂ ഇയര്‍ ഓഫറുകളെല്ലാം പുതിയ വരിക്കാരെ ആകര്‍ഷിക്കുകയെന്ന ഒറ്റ ലക്ഷ്യത്തിന്റെ പുറത്ത് ആരംഭിച്ചവയാണ്. ടെലികോം രംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന റിലയന്‍സ് ജിയോ വരിക്കാരെ അത്ഭുതപ്പെടുത്തുന്ന ഓഫറുകളാണ് തുടക്കം മുതലെ നല്‍കികൊണ്ടിരുന്നത്.  ജിയോ നല്‍കിയ സൗജന്യ ഇന്റര്‍നെറ്റ് സേവനവും ഡാറ്റ ഓഫറുകളുമെല്ലാം കൂടുതല്‍ വരിക്കാരെ ആകര്‍ഷിപ്പിച്ചെന്നും അത് ടെലികോം വ്യവസായത്തെതന്നെ ബാധിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജിയോയുടെ ഈ കടന്നുവരവ് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങി ഒട്ടുമിക്ക ടെലികോം സേവനദാതാക്കളെയും വിപരീതമായി ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ജിയോയുടെ വരവോടെ ഭാരതി എയര്‍ടെല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ലാഭത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.  വിപണിയെ മാത്രം ലക്ഷ്യം വെയ്ക്കുന്ന ജിയോ രാജ്യത്തെ മുഴുവന്‍ ടെലികോം മേഖലയെ സ്തംഭനാവസ്ഥയിലാക്കിയാണ് മുന്നോട്ട്‌പോകുന്നത്.  മത്സരാധിഷ്ഠിത വിപണി നിലനില്‍ക്കുന്ന ഇന്ന് ടെലികോം മേഖലയെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top