ഹാരിസണ്‍ ഫോര്‍ഡിന്റെ അശ്രദ്ധ; വന്‍ വിമാന ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഹാരിസണ്‍ ഫോര്‍ഡ്

ഹോളിവുഡ് സൂപ്പര്‍ താരം ഹാരിസണ്‍ ഫോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ വന്‍ പിഴവിനെ തുടര്‍ന്ന് ഉണ്ടാകുമായിരുന്ന വിമാന ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌. ഫോര്‍ഡ് പറത്തിയ സിംഗിള്‍ എന്‍ജിന്‍ ഹസ്‌കി വിമാനം 110 യാത്രക്കാരുമായി സഞ്ചരിച്ച ബോയിംഗ് 737 വിമാനത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് പറന്നകന്നത്.  താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

എയര്‍ പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശിച്ച റണ്‍ വേയില്‍ ഇറക്കാതെ ടാക്‌സി വേയില്‍ വിമാനമിറക്കിയാണ് ഹാരിസണ്‍ ഫോര്‍ഡ് അതീവ ഗുരുതരമായ നിയമ ലംഘനം നടത്തിയത്. ഫോര്‍ഡ് വിമാനമിറക്കിയപ്പോള്‍  ബോയിംഗ് വിമാനം പറന്നുയരാന്‍ തുടങ്ങുകയായിരുന്നു. പറന്നുയര്‍ന്ന ബോയിംഗ് വിമാനത്തിന്റ മുകളിലേക്കെന്നവണ്ണം വിമാനം ലാന്‍ഡ് ചെയ്ത അദ്ദേഹം ആ വിമാനം എന്റെ കീഴിലൂടെയാണോ കടന്നുപോയത് എന്ന് വിളിച്ചു ചോദിക്കുന്നത് കണ്‍ട്രോള്‍ റൂമില്‍ കേള്‍ക്കുകയും ചെയ്തു.

ഫെഡറല്‍ ഏവിയേഷന്‍ ഭരണസമിതി ഹാരിസണ്‍ ഫോര്‍ഡിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെറ്റുകാരനാണെന്ന് കണ്ടെത്തിയാലും വലിയ ശിക്ഷാനടപടികള്‍ക്കു സാധ്യതയില്ല. സംഭവത്തില്‍ താരത്തിന്റെ പ്രതികരണം വന്നിട്ടില്ല.

സ്റ്റാര്‍ വാര്‍സ് സിനിമാ പരമ്പരയിലൂടെയും ഇന്ത്യാനാ ജോണ്‍സ് സിനിമകളിലൂടെയും ലോകത്തിന്റെ മനം കവര്‍ന്ന താരമാണ് ഹാരിസണ്‍ ഫോര്‍ഡ്. ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായാണ് ഫോര്‍ഡിനെ വിലയിരുത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top