തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; പെയ്ടിഎം, ആമസോണ്‍, ഐഡിയ, ഹോര്‍ലിക്‌സ് ഉള്‍പ്പെടെ 100 ബ്രാന്‍ഡുകള്‍ക്ക് എതിരെ പരാതി

ദില്ലി: ഐഡിയ സെല്ലുലാര്‍, ഫിലിപ്പ്‌സ്, ബജാജ് ഓട്ടോ ഉള്‍പ്പെടെ രാജ്യത്തെ 100 ഓളം പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 100 ഓളം ബ്രാന്‍ഡുകളെ എഎസ്‌സിഐ കണ്ടെത്തിയത്.

ഇതില്‍ 43 ബ്രാന്‍ഡുകള്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ളവയാണ്. 17 ബ്രാന്‍ഡുകള്‍ വിദ്യാഭ്യാസ മേഖലയുമായും 11 ബ്രാന്‍ഡുകള്‍ പേഴ്‌സണല്‍ കെയര്‍ വിഭാഗത്തിലും ഉള്‍പ്പെടുന്നു. കൂടാതെ ഭക്ഷ്യോത്പന്ന വിഭാഗത്തില്‍ ഏഴ് ബ്രാന്‍ഡുകളും ഇ കൊമേഴ്‌സ് വിഭാഗത്തില്‍ ആറ് ബ്രാന്‍ഡുകളും, മറ്റ് വിഭാഗങ്ങളില്‍ നിന്നായി 16 ഉം ബ്രാന്‍ഡുകളാണ് തെറ്റായ പരസ്യം നല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്.

എച്ച് യുഎല്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ഇമാമി, ഐഡിയ സെല്ലുലാര്‍, ഫിലിപ്പ്‌സ്, മാരികോ, ബജാജ് ഓട്ടോ, ഗ്ലാക്‌സോ സ്മിത് ക്ലൈന്‍ കണ്‍സ്യൂമര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ആമസോണ്‍, പെയ്ടിഎം, ഫ്രീചാര്‍ജ്ജ്, ക്ലിയര്‍ ട്രിപ്, പെപ്പര്‍ഫ്രൈ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് എതിരെയും ഉപഭോക്താക്കള്‍ എഎസ് സി ഐയില്‍ പരാതി നല്‍കിയിട്ടുണ്ട്. ബജാജ് പള്‍സറുമായി ബന്ധപ്പെട്ട രണ്ട് പരസ്യങ്ങള്‍ ഇതിനകം തന്നെ പിന്‍വലിച്ചു കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top