ജയലളിതയുടെ പിറകില്‍ പെട്ടിയും തൂക്കി നില്‍ക്കുന്നത് ശരിക്കും ശശികലയല്ലേ?: രാം ഗോപാല്‍ വര്‍മ്മയുടെ ഒരു സംശയമേ!

തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള ശശികല നടരാജന്റെ സത്യപ്രതിജ്ഞ ഇന്നോ നാളെയോ എന്ന് പറഞ്ഞു നില്‍ക്കുകയാണ്. അതിനിടെ ശശികലയെ പരിഹസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ക്രിക്കറ്റ് താരം അശ്വിനും നടി രഞ്ജിനിയുമെല്ലാം ആ കൂട്ടത്തില്‍ പെടുന്നു. ഇപ്പോഴിതാ ശശികലയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. ജയലളിതയുടെ ഒരു പഴയ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ട് അവര്‍ക്ക് പിന്നില്‍ പെട്ടിയും തൂക്കി വരുന്നത് നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി ശശികലയല്ലേ എന്നാണ് രാംഗോപാല്‍ വര്‍മ്മ ചോദിക്കുന്നത്. വെറുതെ ചോദിക്കുന്നതാണെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നുണ്ട്.

അതിനിടെ ശശികലയെ തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചതായി ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായും സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തും.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ ധൃതിപിടിച്ച് ശശികലയെ മുഖ്യമന്ത്രിയാക്കുന്നത് തടയണമെന്ന് സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെയും ഡിഎംകെ നേതാക്കള്‍ കാണാന്‍ ശ്രമിക്കുന്നുണ്ട്.

തമിഴ്‌നാട് ജനത വോട്ടെടുപ്പില്‍ ജയിപ്പിച്ചത് ജയലളിതയെ ആണെന്നും, ജയലളിതയുടെ വീട്ടുവേലക്കാരി മുഖ്യമന്ത്രി ആകാനല്ലെന്നും സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ശശികല മുഖ്യമന്ത്രി ആകുന്നതിനെതിരെ ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധത്തിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top