ജിയോ ഇഫക്ട് തുടരുന്നു; ബിഎസ്എന്‍എല്‍ ഡാറ്റാ നിരക്ക് കുത്തനെ കുറച്ചു

ദില്ലി: സൗജന്യ ഡാറ്റ ഓഫറുകളുമായി ജിയോ രംഗത്തെത്തിയതോടെ രാജ്യത്ത് ടെലികോ മത്സരം കടുക്കുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനുമായി കുറഞ്ഞ് നിരക്കില്‍ ഡാറ്റാ സേവനമടക്കം വമ്പിച്ച് ഓഫറുകളാണ് മിക്ക ടെലികോം പ്രമുഖന്മാരും മുന്നോട്ട് വച്ചത്.

ഇപ്പോഴിതാ ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനായി ഡാറ്റാ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് സര്‍ക്കാര്‍ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്ലും. 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് 25 ശതമാനം കുറച്ചു. 36 രൂപയ്ക്ക് ഒരു ജിബി 3ജി ഡാറ്റയാണ് ബിഎസ്എന്‍എല്‍ മുന്നോട്ട് വച്ചിരിക്കുന്ന പുതിയ ഓഫര്‍.

291 രൂപക്ക് സാധാരണ ലഭ്യമായിരുന്ന ഇന്റര്‍നെറ്റ് ഡാറ്റയുടെ നാല് മടങ്ങ് അധികഡാറ്റ ലഭ്യമാകും. പുതിയ നിരക്കനുസരിച്ച് 291 രൂപക്ക് 28 ദിവസത്തേക്ക് എട്ട് ജി.ബി ഡാറ്റയാണ് ലഭിക്കുക. നേരത്തേ ഇതേ തുകക്ക് രണ്ട് ജി.ബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്. ഇനി മുതല്‍ 78 രൂപക്ക് രണ്ട് ജി.ബി ഡാറ്റ ലഭിക്കും. നേരത്തേ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്.

പാന്‍ ഇന്ത്യ അടിസ്ഥാനത്തില്‍ ഫെബ്രുവരി ആറു മുതല്‍ ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ബിഎസ്എന്‍എല്‍ ബോര്‍ഡ് ഉപഭോക്തൃ ക്ഷേമ ഡയറക്ടര്‍ ആര്‍കെ മിത്തല്‍ അറിയിച്ചു. ബിഎസ്എന്‍എല്‍ 9.95 മില്യണ്‍ ഉപഭോക്താക്കളുമായി രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ഒന്നാമതാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ 20.39 മില്യണ്‍ ഉപഭോക്താക്കളുമായി അഞ്ചാം സ്ഥാനത്തുമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top