ശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കി രാജസ്ഥാനിലെ ഈ ജില്ല

ജെയ്‌സാമീല്‍: ഗ്രാമീണരില്‍ ടോയ്‌ലെറ്റ് ഉപയോഗ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടോയ്‌ലെറ്റ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് പ്രതിഫലം നല്‍കി രാജസ്ഥാനിലെ ബാര്‍മര്‍ ജില്ല. ടോയ്‌ലെറ്റ് ഉപയോഗിക്കുന്ന ആളുകളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2500 രൂപ വാതം നല്‍കുന്ന പദ്ധതിയാണ് ബാര്‍മര്‍ ജില്ലാ കളക്ടര്‍ സുധീര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരിക്കുന്നത്. ബാര്‍മര്‍ ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ഈ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു.

സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായാണ് കളക്ടറുടെ പദ്ധതി പ്രഖ്യാപനം. പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജനം തടയുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമാണ് ഈ വ്യത്യസ്ത പദ്ധതി. ജില്ലാ ഭരണകൂടവും റൂറല്‍ ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ബയാതു, ഗിദ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബയാതുവിലെ എട്ടു കുടുംബങ്ങള്‍ക്ക് 2500 രൂപ നല്‍കി. ടോയ്‌ലറ്റ് ഉപയോഗത്തിന് പ്രതിഫലം നല്‍കുന്ന പദ്ധതി ഇന്ത്യയില്‍ ആദ്യമായാണ് നടപ്പിലാക്കുന്നതെന്ന് കളക്ടര്‍ സുധീര്‍ ശര്‍മ്മ പറഞ്ഞു. രണ്ട് പഞ്ചായത്തുകളിലുമായി 15,000 കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. പദ്ധതി വിജയമാവുകയാണെങ്കില്‍ മറ്റു പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നും സുധീര്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top