‘എത്ര പണം തന്നാലും ആ നഷ്ടം പരിഹരിക്കാനാവില്ല’; ഹോളിവുഡ് ചിത്രത്തില്‍ അവസരം നഷ്ടമായതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ഗോപകുമാര്‍

ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടും അഭിനയിക്കാന്‍ കഴിയാത്തതിന്റെ വിഷമം പങ്കുവെച്ച് നടന്‍ ഗോപകുമാര്‍. ലാസ്റ്റ് വേള്‍ഡിലെ കഥാപാത്രം നഷ്ടമായ സംഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ഇപ്പോഴും വളരെയധികം സങ്കടം വരുമെന്ന് ഗോപകുമാര്‍ പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപകുമാറിന്റെ പ്രതികരണം.

ദി ലോസ്റ്റ് വേള്‍ഡില്‍ ഇന്ത്യന്‍ കഥാപാത്രത്തിന്റെ അവതരിപ്പിക്കാനായി ഗോപകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ വിസ പ്രശ്‌നങ്ങള്‍ കാരണമാണ് തനിക്ക് ആ ചിത്രം ചെയ്യാന്‍ കഴിയാതെ പോയതെന്നാണ് ഗോപകുമാര്‍ പറയുന്നത്. ഇന്ത്യന്‍ കഥാപാത്രത്തിന്റെ വേഷം ചെയ്യാന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരാളെ കണ്ടുപിടിക്കാനായി ഹോളിവുഡുകാര്‍ ഒരു ഏജന്റിനെ ഏര്‍പ്പാട് ചെയ്തിരുന്നു. ബോംബെയിലുള്ള ഉമാ ഡക്കുന എന്നയാളെ. അദ്ദേഹത്തിന്റെ പരിഗണനയില്‍ താനുമുണ്ടായിരുന്നു. അദ്ദേഹം വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ‘ഇവിടെ നിന്ന് രണ്ടുപേജ് സ്‌ക്രിപ്റ്റ് അയച്ചുതരും. അത് അഭിനയിച്ച് വീഡിയോയില്‍ ഷൂട്ട് ചെയ്ത് അയച്ചുതരണം.’ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ഗോപകുമാര്‍ പറയുന്നു. അത് കൃത്യസമയത്തുതന്നെ അയച്ചുകൊടുക്കുകയും ചെയ്തു. മാസങ്ങള്‍ക്കുശേഷം ലോസ് ആഞ്ചല്‍സില്‍ നിന്നും ഒരു സ്ത്രീ വിളിച്ച് ആ ചിത്രത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട കാര്യം അറിയിക്കുകയും ചെയ്തു. വിസ പേപ്പറുകള്‍ ശരിയായി വരികയാണെന്നും ഉടന്‍ മദ്രാസിലെത്തണമെന്നും ആവശ്യപ്പെട്ടു. ‘അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍. ശരിക്കും സന്തോഷിച്ച നിമിഷങ്ങള്‍. പിറ്റേ ദിവസം മദ്രാസിലെത്തി. ഓരോ ദിവസവും രാത്രി ലോസ് ആഞ്ചല്‍സില്‍നിന്ന് വിളിക്കും. വിസ റെഡിയായിക്കൊണ്ടിരിക്കുന്നു. എപ്പോള്‍ വിളിച്ചാലും പുറപ്പെടേണ്ടിവരും. ഞാന്‍ കാത്തിരുന്നു. അഞ്ചാംദിവസം രാത്രി അവര്‍ വിളിച്ചു. ‘സോറി. നിങ്ങളുടെ വിസാ പേപ്പറുകള്‍ ശരിയായില്ല. അതിന് ചില ഫോര്‍മാലിറ്റികളുണ്ട്. അതുവരെ കാത്തിരുന്നാല്‍ നിശ്ചയിച്ച ദിവസം ഷൂട്ടിംഗ് നടക്കില്ല. താങ്കള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഉടന്‍ തന്നെ അക്കൗണ്ടിലേക്ക് അയച്ചുതരാം.” എന്നാണ് പറഞ്ഞത്.

അതുകേട്ടതോടെ താനാകെ തകര്‍ന്നുപോയെന്നും ഗോപകുമാര്‍ പറയുന്നു. ‘അന്ന് രാത്രി എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുപോലും ഭയന്നു. അതിനാല്‍ മുറിയിലെ കതക് പൂട്ടാതെയാണ് കിടന്നത്. എന്തെങ്കിലും അപായം സംഭവിച്ചാല്‍ മുറി കുത്തിത്തുറക്കേണ്ടല്ലോ.’ ഗോപകുമാര്‍ അഭിമുഖത്തില്‍ പറയുന്നു.

ജുറാസിക് പാര്‍ക്കിന്റെ രണ്ടാം ഭാഗമായ ദി ലാസ്റ്റ് വേള്‍ഡില്‍ അഭിനയിക്കാനായിരുന്നു ഗോപകുമാറിന് ക്ഷണം ലഭിച്ചത്.1996 ലാണ് തന്റെ സിനിമയ്ക്കായ് ഇന്ത്യന്‍ വേരുകളുള്ള നടനെ സ്പീല്‍ബര്‍ഗ് അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറാണ് ഗോപകുമാറിനെ സ്പീല്‍ബര്‍ഗിന് കാണിച്ച് കൊടുക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണനാണ് കാസ്റ്റിംഗ് ഡയറക്ടര്‍ക്ക് ഗോപകുമാറിനെ പരിചയപ്പെടുത്തുന്നത്. അടൂരിന്റെ വിധേയനിലെ ഗോപകുമാറിന്റെ അഭിനയം അദ്ദേഹത്തിന് വളരെയധികം ഇഷ്ടമാവുകയായിരുന്നു. ഗോപകുമാറിന്റെ മറ്റ് ചിത്രങ്ങളുടെ വീഡിയോകള്‍ കണ്ടും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ലോസ്റ്റ് വേള്‍ഡിലെ ഇന്ത്യന്‍ വംശജനായ കഥാപാത്രത്തെ അഭിനയിക്കാന്‍ ഗോപകുമാര്‍ മതിയെന്ന് സ്പില്‍ബര്‍ഗും തീരുമാനിച്ചു. എന്നാല്‍ പിന്നീട് ഈ അവസരം ഗോപകുമാറിന് നഷ്ടമാവുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top