special page

സമര തെരുവിലെ തീയില്‍ വെള്ളമൊഴിക്കുന്നവര്‍

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളെജിലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഐവൈഎഫ് രംഗത്തുവന്നത് ചിലര്‍ക്കത്ര രുചിച്ചിട്ടില്ല. ഞങ്ങള്‍ പറയുന്നതാണ് ശരി, അത് മാത്രമാണ് ശരിയെന്ന് വാദിക്കുകയും നിയമത്തിന്റെയും നിയന്ത്രണത്തിന്റെയും ന്യായം പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന മുദ്രാവാക്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് എഐവൈഎഫിന്റെ ശബ്ദത്തെ ഭയക്കുന്നത്.

സമര തെരുവില്‍ വസന്തം വിരിയുമ്പോള്‍ വാഴവെട്ടുന്നവരാണ് എഐവൈഎഫ് എന്ന് പഴയ വിദ്യാര്‍ത്ഥി നേതാവുകൂടിയായ റഹിമിന് തോന്നിച്ചത് ലോ അക്കാദമി മാനേജ്‌മെന്റിനോടുള്ള വിധേയത്വം കൊണ്ടാണ്. എഐവൈഎഫ് വിദ്യാര്‍ത്ഥി ഐക്യത്തിന് പിന്തുണ നല്‍കി പ്രഖ്യാപിച്ചത് പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നും സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുകയും സകല നിയമങ്ങളുടെയും ലംഘനം നടത്തുകയും വിദ്യാര്‍ത്ഥി പീഡനത്തിന്റെ കേന്ദ്രമായി മാറുകയും ചെയ്ത ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നുമാണ്. ഇതെങ്ങനെയാണ് വാഴവെട്ടാവുന്നത്? വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കാത്തത് പറയാനും സമരം ചെയ്യാനും എഐവൈഎഫിന് അവകാശമുണ്ട്. എന്നാലത് സമരപന്തലില്‍ നിന്നാവരുത് എന്നാണ് റഹിമിന്റെ ഉദേശം. മുകളില്‍ പറഞ്ഞ രണ്ട് ആവശ്യം വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കാത്തതവും അവരുടെ സമരത്തിന്റെ മുദ്രാവാക്യവും അല്ലെന്ന കണ്ടെത്തല്‍ നടത്താന്‍ റഹിമിന് മാത്രമേ കഴിയൂ.

എ എ റഹീം

ഞാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിക്കും റഹിമിനെതിരെ ഉന്നയിച്ച ആരോപണത്തിന് അല്ല മറുപടി പറയുന്നത്. വിദ്യാര്‍ത്ഥികളുടെ പരാതി കേട്ട ഉപസമിതി റിപ്പോര്‍ട്ട് ഐക്യകണ്‌ഠേനയാണ് സിന്‍ഡിക്കേറ്റിന് സമര്‍പ്പിച്ചത് എന്നാണ് റഹിം അവകാശപ്പെടുന്നത്. അങ്ങനെ അല്ലെന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന മറുപടിയല്ല വേണ്ടത്. ഉപസമിതി നടപടിക്ക് ശുപാര്‍ശ ചെയ്തില്ല എന്ന വിമര്‍ശനമാണ് എഐവൈഎഫ് ഉന്നയിച്ചത്. നടപടി ശുപാര്‍ശ വേണമെന്ന അഭിപ്രായം സിന്‍ഡിക്കേറ്റ് ഉപസമിതി അംഗങ്ങള്‍ക്കിടയില്‍ ഉന്നയിച്ചിരുന്നു എന്നും ഇത് റഹിം ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ കാരണം തീരുമാനിക്കാന്‍ കഴിഞ്ഞില്ല എന്നുമാണ് വസ്തുത. ഫെയ്‌സ്ബുക്കില്‍ റഹിം ഇതിനെ ന്യായീകരിച്ച് എഴുതിയ കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്; നിര്‍ദേശങ്ങള്‍ ഉപസമിതി വയ്ക്കാത്തതില്‍ ഒരപകടവും ഇല്ല, ഉപസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സിന്‍ഡിക്കേറ്റ് തന്നെയാണ് തീരുമാനം എടുക്കേണ്ടത് എന്നാണ്.

ഫയല്‍ ചിത്രം

റഹിം ഉള്‍പ്പെടെയുള്ള സിന്‍ഡിക്കേറ്റ് പിന്നീട് എന്ത് തീരുമാനമാണ് എടുത്തത് എന്നത് ഇന്ന് മാലോകര്‍ക്കെല്ലാം മനസിലായിട്ടുണ്ട്. പ്രിന്‍സിപ്പാളിനെ ഒഴിവാക്കണമെന്ന നിര്‍ദേശം വോട്ടിനിട്ട് പരാജയപ്പെടുത്തുകയും ഉചിതമായ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്ത കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് സമര തെരുവിലെ അദ്യാര്‍ഥികളുടെ മുദ്രാവാക്യം കേട്ടുപോലുമില്ലെന്ന് പറുയമ്പോള്‍ അസ്വസ്തത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. സ്റ്റാറ്റിയൂട്ട് അനുസരിച്ച് പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെടാന്‍ സിന്‍ഡിക്കേറ്റിന് അധികാരം ഇല്ലെന്നാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ചാല്‍ മനേജ്‌മെന്റ് കോടതിയില്‍ പോകുമെന്നാണ് ന്യായം. ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ വോട്ടിനിട്ട് തീരുമാനം എടുത്തത് എന്തിനാണ്? സ്റ്റാറ്റിയൂട്ട് അനുസരിച്ച് അവകാശം ഇല്ലെങ്കല്‍ വേണ്ട, സര്‍വകലാശാലയ്‌ക്കെടുത്ത അപ്രൂവലിന്റെ ബലത്തിലാണല്ലോ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലിന്റെ കസേരയില്‍ ഇരിക്കുന്നത്. അവരെക്കുറിച്ച് ഇത്രയേറെ പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അപ്രൂവല്‍ പിന്‍വലിക്കുമെന്ന് കാണിച്ച് നടപടിയിലേയ്ക്ക് പോകാന്‍ എന്താണ് തടസം.

വിദ്യാര്‍ഥികള്‍ ഉന്നയിച്ച് പരാതികള്‍ എല്ലാം ന്യായമാണെന്ന് കണ്ടെത്തിയ സര്‍വകലാശാല എന്തുകൊണ്ട് തുടര്‍നടപടി എന്ന നിലയില്‍ അഫിലിയേഷന്‍ റദ്ദ് ചെയ്യാന്‍ തയ്യാറാവുന്നില്ല എന്ന ചോദ്യത്തിനും റഹിമിന്റെ ഉത്തരം വിചിത്രമാണ്. അങ്ങനെ ചെയ്താല്‍ കുട്ടികളെ പഠിപ്പിക്കാന്‍ പകരം സംവിധാനം ഇല്ലപോലും!

അല്ലയോ ആദരണീയനായ സിന്‍ഡിക്കേറ്റ് അംഗമേ, അങ്ങയും അംഗമായ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തന്നെയാണല്ലോ പരീക്ഷ ക്രമക്കേടിന്റെ പേരില്‍ തിരുവനന്തപുരം പാറശാലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ നിയമ കലാലയമായ ചെറുവാരക്കോണം സിഎസ്‌ഐ ലോ കോളജിന്റെ അഫിലിയേഷന്‍ റദ്ദ് ചെയ്യുമെന്ന് കാണിച്ച് നോട്ടീസ് കൊടുത്തിരിക്കുന്നത്. അവിടത്തെ കുട്ടികളെ എവിടെയാണ് നിങ്ങള്‍ പഠിപ്പിക്കാന്‍ പോകുന്നത്? ഇതുകൊണ്ടാണ് എഐവൈഎഫ് പറഞ്ഞത് നിങ്ങള്‍ അംഗമായ സിന്‍ഡിക്കേറ്റ് പക്ഷപാതപരമായാണ് തീരുമാനങ്ങള്‍ എടുത്ത് എന്നാണ്. സിഎസ്‌ഐ ലോ കോളജിനോട് തോന്നാത്ത ഇഷ്ടം എന്തിനാണ് സഖാവേ ലോ അക്കാദമിയോട് സ്വീകരിക്കുന്നത്. ലോ അക്കാദമിക്ക് മുന്നിലെ സമര തെരുവില്‍ ആളിപ്പടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ തീയിലേയ്ക്ക് വെള്ളമൊഴിക്കുന്ന പരിപാടിയാണ് ചില ആളുകള്‍ ചെയ്യുന്നതെന്ന് പറയേണ്ടിവരുന്നത് ഇതൊക്കെകൊണ്ടാണ്. പിന്നെ നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പടച്ചുവിടാനും മിടുക്കനാണ് എന്ന് തെളിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞത് മഹേഷ് കക്കത്തിന്റെ പാര്‍ട്ടിയാണ് ലോ അക്കാദമിക്ക് ഭൂമി നല്‍കിയത് എന്നാണ്. 1968 ല്‍ ഭൂമി പതിച്ചുനല്‍കുമ്പോള്‍ കേരളം ഭരിച്ചത് സിപിഐയും സിപിഎം ഉള്‍പ്പെട്ട മുന്നണിയാണെന്ന് റഹിമിന് അറിയില്ലേ? മുഖ്യമന്ത്രി ഇഎംഎസ് ആയിരുന്നെന്ന് അറിയാതിരിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. മന്ത്രിസഭ അറിയാതെ ഭൂമി നല്‍കില്ലെന്ന് മാത്രമല്ല നിയമസഭ തന്നെ അറിഞ്ഞാണ് ഭൂമി പാട്ടത്തിന് നല്‍കിയതെന്ന് നിയമസഭ രേഖകള്‍തന്നെ പറയുന്നു. എല്ലാം അറിയുമെങ്കിലും മാനേജ്‌മെന്റിനുവേണ്ടി കൂടി വാദിക്കേണ്ടിവരുമ്പോള്‍ ചില കള്ളങ്ങള്‍ പറഞ്ഞല്ലേ തീരു. എന്നതുകൊണ്ടാവും ഇത്തരം കള്ളങ്ങള്‍ മടികൂടാതെ വിളിച്ചുപറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top