special page

വസന്തത്തിനിടയില്‍ വാഴവെട്ടുന്നവര്‍

(ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ എ എ റഹീം എഴുതുന്നു)

ലോ അക്കാദമിയിലെ സമരത്തിന് കുട്ടികള്‍ ഇട്ടിരിക്കുന്ന പേര് കൊമാലയിലെ കൊടുങ്കാറ്റ് എന്നാണ്. വിദ്യാര്‍ഥികളുടെ പരാതികളെക്കുറിച്ച് അന്വേഷിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ ഒരംഗമായി അക്കാദമിയിലേക്ക് കയറിച്ചെല്ലുമ്പോള്‍, പരാതി പറയാനെത്തിയ വിദ്യാര്‍ഥികളുമായി ഇടപഴകിയപ്പോള്‍, കൊമാലയിലെ വസന്തം അനുഭവിച്ചറിഞ്ഞു. കലാപങ്ങള്‍ കൂടുകൂട്ടിയ കലാലയം എന്ന് ക്യാമ്പസുകള്‍ക്ക് വിളിപ്പേരുള്ളതോര്‍ത്തു. ഓരോ വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയും മുന്നില്‍ വരുമ്പോള്‍ അടങ്ങാത്ത രോഷത്താല്‍ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണാം കൂടുകൂട്ടിയ കലാപങ്ങള്‍. നിശ്ചയ ദാര്‍ഢ്യമുള്ള വാക്കുകള്‍. തങ്ങളുടെ ആത്മാഭിമാനത്തിനു വില പറഞ്ഞ പ്രിന്‍സിപ്പലിനെതിരായ അടങ്ങാത്ത കലാപം.സമര പന്തലില്‍ പോയവരും പിന്തുണ അറിയിച്ചവരുമായ അനേകം പേരുണ്ട്. എന്നാല്‍ പരാതിക്കാരായ ഭൂരിഭാഗം പേരെയും കേട്ടത് ഈ ഉപസമിതി അംഗങ്ങള്‍ മാത്രമാണ്.

ലോ അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ത്ഥി സമരം

90 വിദ്യാര്‍ഥികളെ, ഇരുപതോളം രക്ഷകര്‍ത്താക്കളെ, പ്രിന്‍സിപ്പലിനെ, അധ്യാപകരെ വാര്‍ഡനെ ഉള്‍പ്പെടെ നേരിട്ട് കേട്ടു. എഴുതി തയ്യാറാക്കി കിട്ടിയ പരാതികള്‍ 200 ലധികം വരും. ഓരോ വിദ്യാര്‍ഥിയെ കേള്‍ക്കുമ്പോഴും, അന്വഷണത്തിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും, ആളിക്കത്തുന്ന കലാലയത്തീയുടെ കാരണം ഞങ്ങള്‍ക്ക് ബോധ്യമായി. ആത്മാഭിമാനത്തിനു മുറിവേല്‍പ്പിക്കുന്ന പ്രിന്‍സിപ്പലിന്റെ നിലപാടുകള്‍, വാക്കുകള്‍, വൈര നിര്യാതന ബുദ്ധിയോടെയുള്ള പെരുമാറ്റം.

പ്രിന്‍സിപ്പലിന്റെ പീഡനങ്ങള്‍ സ്ഥിരീകരിക്കുന്ന രണ്ട് ഓഡിയോ ക്ലിപ്പിങ്ങുകള്‍ ഞങ്ങല്‍ക്കു മുന്നില്‍ ഹാജരാക്കിയ ഒരു വിദ്യാര്‍ത്ഥിനി തൊഴുതുകൊണ്ട് പറഞ്ഞത് ‘സര്‍, നിവര്‍ത്തിയില്ലാതെയാണ് ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്. ഈ പ്രിന്‍സിപ്പല്‍ ഇവിടെ തുടര്‍ന്നാല്‍ ഞങ്ങളെ കൊല്ലാക്കൊല ചെയ്യും. നിങ്ങളെയും പൊതു സമൂഹത്തെയും സത്യം ബോധിപ്പിക്കുന്നതിനായി ഇതിലും ഇതിലേറെയും ചെയ്‌തേ മതിയാകു”. തെളിവെടുപ്പിന്റെ അവസാന സമയങ്ങളിലായിരുന്നു ഈ സംഭവം. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയിലും ഇപ്പോഴും ആ കൂപ്പുകൈകള്‍ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.

ലോ അക്കാദമി ലോ കോളെജ്

നല്ല അക്കാദമിക് മികവ് പുലര്‍ത്തുന്ന കുട്ടികളാണ് പരാതിയുമായി എത്തിയവയില്‍ ഭൂരിഭാഗവും. നിലപാടുള്ള വിദ്യാര്‍ത്ഥികള്‍…എന്നിട്ടും ഇതിന് മുന്‍പ് നിര്‍ഭയമായി എന്തുകൊണ്ട് അവര്‍ മുന്നോട്ടുവന്നില്ല? ഇന്റേണല്‍ അസസ്‌മെന്റ് തങ്ങളുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാമെന്നും അത് അവകാശമാണെന്നും ഇതില്‍ ഒരാള്‍ക്ക് പോലും അറിവില്ലായിരുന്നു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.

ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നത് തന്നെ എന്തടിസ്ഥാനത്തില്‍, വിദ്യാര്‍ഥികള്‍ക്ക് ഇക്കാര്യത്തിലുള്ള നിയമപരമായ അവകാശം ഇതിലൊക്കെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 100% നിരക്ഷരതയായിരുന്നു ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച് ഒരു റെഗുലേഷനുണ്ടെന്നു പോലും വിദ്യാര്‍ത്ഥികള്‍ക്കറിയില്ല. ഈ അജ്ഞതയിലാണ് പ്രിന്‍സിപ്പല്‍ തന്റെ സര്‍വ അധികാരവും ഉപയോഗിച്ച് ഇരകളെ വേട്ടയാടിയത്.

പഞ്ചവത്സര എല്‍എല്‍ബി വിദ്യാര്‍ത്ഥികള്‍ക്ക് 46 പേപ്പറുകള്‍, ഇതില്‍ 41 പേപ്പര്‍ 80 മാര്‍ക്കിന്റെ തിയറിയും 20 മാര്‍ക്കിന്റെ ഇന്റേണലും. ഇത് കൂടാതെ 4600 മാര്‍ക്കില്‍ 1220 മാര്‍ക്കും ഇന്റേണലാണ്. ജയിക്കുവാന്‍ ആവശ്യമായ മാര്‍ക്ക് 2300 ആണെന്നോര്‍ക്കണം. അതായത് ജയിക്കുവാന്‍ ആവശ്യമായ മാര്‍ക്കിന്റെ പകുതിയധികവും ഇന്റേണല്‍ മാര്‍ക്കാണ്. 4 സെമസ്റ്ററുകളിലായി 500 മാര്‍ക്കുകള്‍. മൂന്നാം വര്‍ഷ എല്‍എല്‍ബിയിലും ഇതേ രീതിയിലാണ് മാര്‍ക്കിന്റെ വിതരണം നടക്കുന്നത്. ഈ പരമാധികാരത്തിന്റെ നിന്നുകൊണ്ടാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത്.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍

ഈ സ്പിരിറ്റിലാണ് ഞങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടിന്റെ മൂന്നാമത്തെ പേജില്‍, അഞ്ചാമത്തെ പാരഗ്രാഫ് മുതല്‍ നിങ്ങല്‍ക്ക് അത് വായിക്കാം. ഈ ഭാഗമെഴുതി തുടങ്ങിയപ്പോള്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ ജീവന്‍ലാല്‍ (കോണ്‍ഗ്രസ് അംഗം) പറഞ്ഞു. ”This is the operational part of the Report’. ദൗര്‍ഭാഗ്യവശാല്‍ ആ ഓപ്പറേഷന്‍ പാര്‍ട്ട് ആരും കാണാതെ പോയി. കാതലായ കാര്യങ്ങലിലല്ല കൈയടി കിട്ടുന്ന കാര്യങ്ങളിലാണ് താത്പര്യം

വസ്തുതാപരമായ നിരവധി വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കൊമാലയിലെ വസന്തത്തിന് കഴിഞ്ഞു. നിങ്ങളുടെ സമരം ചരിത്രപരമാണ്. പ്രിന്‍സിപ്പലിനെ മാറ്റണമെന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കണം. അതിനുള്ള അധികാരം സര്‍വകലാശാലകള്‍ക്കില്ല. ഇല്ലാത്ത അധികാരം സിന്‍ഡിക്കേറ്റ് പ്രയോഗിച്ചാല്‍ ആ ഒരൊറ്റ കാരണത്താല്‍ നാളെയീ റിപ്പോര്‍ട്ട് കോടതിയില്‍ അസാധുവാക്കാന്‍ പ്രിന്‍സിപ്പലിന് നിഷ്പ്രയാസം സാധിക്കും. അപ്രായോഗികവും അതിവൈകാരികവുമായ വഴികളിലേക്ക് നിങ്ങളെ നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമാണ്.

ഇന്റേണല്‍ സംവിധാനത്തെ പൊളിച്ചെഴുതാന്‍, സര്‍വകലാശാലകള്‍ക്ക് ഇത്തരം മാനേജ്‌മെന്റുകളെ കൂടുതല്‍ നിയന്ത്രിക്കാന്‍ കഴിയുന്ന നിയമനിര്‍മ്മാണം വേണം. അത്തരം ആവശ്യങ്ങളിലേക്കാണ് ഈ വസന്തം ഇനി പരക്കേണ്ടത്.

കൊമാലയിലെ വസന്തം ചരിത്രപരമായ അനിവാര്യതയാണ്. അക്കാദമികമായ പ്രശ്‌നങ്ങളെയാണ് ഈ സമരം അഭിസംബോധന ചെയ്തത്. സര്‍വ്വകലാശാല നീങ്ങിയതും ആ ദിശയിലേക്കാണ്. പുര കത്തുമ്പോള്‍ വാഴവെട്ടുന്നവരെ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണം.

ഇത്രയും പറഞ്ഞത് പൊതുവിലുള്ള കാര്യം. ഇനി ഒരല്‍പ്പം വ്യക്തിപരം. ഞാനുള്‍പ്പെടെയുള്ള, സിപിഐഎമ്മിന് നിര്‍ണായക സ്വാധീനമുള്ള ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ലക്ഷ്മി നായര്‍ക്കുള്ള കുറ്റപത്രമാണെന്ന് എല്ലാ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതിനിടയിലാണ് എഐവൈഎഫ് സംസ്ഥാനസെക്രട്ടറി എനിക്കെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിച്ചത്. ഞാന്‍ പ്രതിനിധീകരിക്കുന്ന സിപിഐഎമ്മിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്.

(ലോ അക്കാദമി വിഷയത്തില്‍ എഐവൈഎഫ് ആരോപണം)

വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍, അവരുയര്‍ത്തുന്ന സമരം അതിനോട് കലപ്പില്ലാത്ത പിന്തുണയാണ്. ഇതിനിടയില്‍ വാഴ വെട്ടാനിറങ്ങുന്നവരോട് തികഞ്ഞ സഹതാപവും. എന്റെ നിലപാടുകള്‍ എന്റെ ബോധ്യങ്ങളും എന്റെ രാഷ്ട്രീയ നിലപാടുമാണ്. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കാത്ത ആരോപണങ്ങള്‍ നിങ്ങളുടെ നാവിന്‍ തുമ്പില്‍ തൂങ്ങുന്നതെങ്ങനെ? രണ്ട് ഓഡിയോ ക്ലിപ്പിങ്ങുകള്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിനി അവരുടെ കൈവശം ഉണ്ടായിരുന്നിട്ടും ഞങ്ങലെ കേള്‍പ്പിക്കാത്ത ഒരു ഓഡിയോ ഉണ്ട്. ‘സര്‍ അത് ഞാന്‍ കേള്‍പ്പിക്കുന്നില്ല, കാരണം ഭൂമി സംബന്ധിച്ച് ഒരാള്‍ പറയുന്ന കാര്യങ്ങളാണ്”.ഞങ്ങള്‍ ചോദിച്ചു അതെന്തെ കേള്‍പ്പിക്കാത്തതെന്ന്. വിദ്യാര്‍ത്ഥിനി മറുപടി പറഞ്ഞതിങ്ങനെ’Thats not our concern’

ഇതാണ് ഈ സമൂഹം അറിയേണ്ടതും എന്നു ഞാന്‍ കരുതുന്നു. വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കാത്തത് പറയാനും സമരം ചെയ്യുവാനും എഐവൈഎഫിന് അവകാശമുണ്ട്. അത് വിദ്യാര്‍ത്ഥി സമരപന്തലില്‍ നിന്നുകൊണ്ടാകരുത് എന്ന് മാത്രം. ആളിക്കത്തണം, മുതലെടുക്കണം എന്ന മനസ്സുമായി ഏത് രാഷ്ട്രീയ പാര്‍ട്ടി വന്നാലും അവരെ തിരിച്ചറിയുവാന്‍ മിടുക്കരായ കൊമാലയിലെ കുട്ടികള്‍ക്കറിയാം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് വ്യക്തിപരമായും രാഷ്ട്രീയമായും ഇക്കാര്യത്തില്‍ ഒരജണ്ടയേ നിര്‍വഹിക്കുവാനുള്ളു. അത് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും നിരത്തിയ തികച്ചും നിഷ്‌കളങ്കമായ ആവലാതികള്‍ക്കുള്ള ഉത്തരം തേടുക മാത്രമാണ്. അത് ഞാനും എന്റെ സഹപ്രവര്‍ത്തകരും നന്നായി നിര്‍വഹിച്ചു എന്നാണ് എന്റെ വിശ്വാസം.

അന്നൊരിക്കല്‍ ഒരു വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതിന് ഞാന്‍ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐക്കാര്‍ ജയിലില്‍ കിടക്കുമ്പോള്‍ ഞങ്ങളെ ചൂണ്ടി സുകുമാര്‍ അഴീക്കോട് പറഞ്ഞു. ‘മരക്കുറ്റികളല്ല, അമ്മയ്ക്കു പിറന്ന കുട്ടികളാണ് തങ്ങളെന്ന് അവര്‍ തെളിയിച്ചു’. അതിപ്പോഴും അങ്ങനെ തന്നെയാണ്. ഇതേപോലുള്ള ഒട്ടനവധി സമരപന്തലുകളാണ് എന്റെ രാഷ്ട്രീയ ജീവിത്തെ കരുതിപ്പിടിച്ചത്. സ്വാശ്രയ വിദ്യാഭ്യാസവും ഇന്റേണലും ആരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചവനാണ് ഞാന്‍. അന്ന് ഞങ്ങള്‍ മുന്നോട്ട് വച്ച ആശങ്കകളാണ് ഇന്ന് നിങ്ങളുടെ മുദ്രാവാക്യങ്ങള്‍. ‘കൊമാലിയലിലെ വസന്തം’ എന്നും ഓര്‍മ്മിക്കപ്പെടും. ഈ വസന്തത്തിനിടയില്‍ വാഴവെട്ടുന്നവര്‍ ഒറ്റുകാരായും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും

എ എ റഹീം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top