നിങ്ങള്‍ ശാരീരിക ക്ഷമതയുള്ളവരാകൂ; അത് അഴകിനല്ല, മറിച്ച് നല്ല ജീവിതത്തിനാണ്

സച്ചിന്‍

പുതു തലമുറയോട് വീടിനുവെളിയിലിറങ്ങി കായിക പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സച്ചിന്‍ പറയുമ്പോള്‍ അത് മറ്റാര് പറയുന്നതിനേക്കാളും പ്രയോജനകരമാണ്. കൊല്‍ക്കത്തയില്‍ വച്ച് ശാരീരിക ക്ഷമതയെപ്പറ്റിയും ആരോഗ്യത്തേപ്പറ്റിയുമുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ ‘മാസ്റ്റര്‍ ബ്ലാസ്റ്റര്‍’ പങ്കുവച്ചപ്പോള്‍ വളരെ ആകാംക്ഷയോടെയാണ് കുട്ടികള്‍ കേട്ടിരുന്നത്. കൊല്‍ക്കത്ത ഫുള്‍ മാരത്തണ്‍ എന്ന പരിപാടിയുടെ മുന്നോടിയായി നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരിക ക്ഷമത എന്നാല്‍ അഴകിനുവേണ്ടി ശരീരാകൃതി കമനീയമാക്കുകയല്ല മറിച്ച് ഭാവി ജീവിതം മനോഹരമാക്കുക എന്നതാണെന്ന് സച്ചിന്‍ പറഞ്ഞത് ശ്രദ്ധേയമായി.

‘വീടിന് വെളിയിലുള്ള കായിക പ്രവര്‍ത്തികളെ ഞാന്‍ വളരെയധികം പിന്തുണയ്ക്കുന്നു. പുതു തലമുറയ്ക്ക് ഒരിടത്തുതന്നെയിരുന്ന് ചെയ്യാന്‍ ധാരാളം കാര്യങ്ങളുണ്ട്. കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും വീഡിയോ ഗെയിമിലും അവര്‍ സമയം കളയും. എന്നാല്‍ അവര്‍ കളിക്കാനായോ മറ്റെന്തിനെങ്കിലുമോ പുറത്തേക്കിറങ്ങണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ അവര്‍ ചെയ്താല്‍ അതവരുടെ ആരോഗ്യത്തില്‍ ഗുണപരമായ മാറ്റമുണ്ടാകും’ അദ്ദേഹം പറഞ്ഞു.

‘ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റ മുത്തശ്ശി എന്നോടു പറയുമായിരുന്നു ആരോഗ്യമാണ് നമ്മുടെ സമ്പാദ്യം എന്ന്. ഈ രാജ്യത്തോടും എനിക്കതാണ് പറയാനുള്ളത്. ആരോഗ്യത്തോടെ ജീവിക്കാനുതകുന്ന ജീവിത രീതികള്‍ പിന്തുടരുകയാണ് വേണ്ടത്. ചില സമയങ്ങളില്‍ മറ്റുള്ളവര്‍ കളികളില്‍ മുഴുകുന്നത് നാം കണ്ടിരിക്കും. അതിനുപകരം നാം അവരോടൊപ്പം ചേരുകയാണ് വേണ്ടത്. ശാരീരിക ക്ഷമത എന്നാല്‍ പുറമേനിന്ന് ശരീരം കാണുമ്പോഴുള്ള അഴകല്ല, മറിച്ച് അതൊരനുഭവമാണ്. അത് അഴകിനല്ല, മറിച്ച് നല്ല ജീവിതത്തിനാണ്”. അദ്ദേഹം വാചാലനായി.

ടീം ഇന്ത്യയുടെ ശാരീരിക ക്ഷമതയേപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിങ് നിര അണിനിരക്കുന്ന ടീമുകളിലൊന്നാണ് നമ്മുടേത്. ആ ഫീല്‍ഡിങ് കണ്ടിരിക്കുന്നതുതന്നെ നയനാനന്ദകരമായ കാഴ്ച്ചയാണ്. അത് അങ്ങേയറ്റം ചുറുചുറുക്കും ആക്രമണോത്സുകതയുള്ളതുമാണ്. നല്ല ശാരീരിക ക്ഷമതയുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ശാരീരിക ക്ഷമതയുണ്ടാക്കാനുള്ള ഏറ്റവും നല്ല വഴി പരിശീലനമാണ്. ഒരു ടീം എത്രത്തോളം പ്രാക്ടീസ് ചെയ്യുന്നോ അത്രത്തോളം അവര്‍ തങ്ങളുടെ ശാരീരിക ക്ഷമതയെക്കുറിച്ച് ബോധവാന്മാരുമാകുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top