ഒരു നൂറ്റാണ്ടിനെ 20 സെക്കന്റിലേക്ക് ചുരുക്കുമ്പോള്‍; ഭൂമിയിലെ താപനില വര്‍ധനവ് വ്യക്തമാക്കുന്ന വീഡിയോ

വീഡിയോയില്‍ നിന്ന്

കടുത്ത ചൂടിനെ അതിജീവിച്ചാണ് നാം ഓരോ ദിവസവും തള്ളി നീക്കുന്നത്. അന്തരീക്ഷ താപനില ദിനം പ്രതിയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ചൂടുള്ള വര്‍ഷമാണ് 2016 എന്ന റിപ്പോര്‍ട്ട് നാസയാണ് അടുത്തിടെ പുറത്തു വിട്ടത്.

ഇപ്പോള്‍ നാസ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനെ കേവലം 20 സെക്കന്റിലേക്ക് ചുരുക്കിയിരിക്കുകയാണ് നാസ. 100 വര്‍ഷം കൊണ്ട് ഭൂമിയില്‍ ഉണ്ടായ താപനില വര്‍ധനവാണ് വീഡിയോയില്‍ വ്യക്തമായി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

ഓരോ കാലഘട്ടത്തിലും ഭൂമിയുടെ ഏതെല്ലാം ഭാഗങ്ങളിലാണ് ചൂട് കൂടുതലെന്ന് വീഡിയോ കാണുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്നു. 2012-2016 കാലഘട്ടത്തെ കാണിച്ചു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഭൂമിയുടെ ഏതാണ്ട് എല്ലാ ഭാഗത്തും ചൂട് കൂടുന്നതായാണ് ഈ ഭാഗത്ത് കാണിക്കുന്നത്.

1880 മുതല്‍ ലഭ്യമായുള്ള കണക്കുകള്‍ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയത്. ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളാണ് വീഡിയോയില്‍ ചൂടിന്റെ തീവ്രത സൂചിപ്പിക്കുന്നത്. ഏറ്റവും ചൂട് കൂടിയ സ്ഥലത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് ചുവപ്പ് നിറം ഉപയോഗിച്ചാണ്.

നമ്മള്‍ ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഈ വീഡിയോ. ഈ വൈകിയ വേളയിലെങ്കിലും ഭൂമിയുടെ രക്ഷയ്ക്കായി നാം പ്രവര്‍ത്തിക്കണം എന്ന സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്.

വീഡിയോ കാണാം:

DONT MISS