രേവതിയുടെ സിനിമയില്‍ അമല പോള്‍ നായികയാകും

രേവതി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ അമല പോള്‍  നായികയാകും. രേവതി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാകും ഇത്.

മലയാളത്തിലെ വിവിധ സംവിധായകരുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ പരീക്ഷണ ചിത്രം  കേരള കഫേയിലെ ‘മകള്‍’ എന്ന ഭാഗം രേവതി സംവിധാനം ചെയ്തിരുന്നു.  ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലായി അഞ്ചോളം സിനിമകള്‍ രേവതി സംവിധാനം ചെയ്തിട്ടുണ്ട്.  സംവിധായികയെന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും രേവതിയെ തേടിയെത്തിയിട്ടുണ്ട്.

അമലയ്ക്ക് നിരവധി പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത തമിഴ് ചിത്രം “അമ്മ കണക്കി”ല്‍ രേവതിയും അമലയും ഒരുമിച്ച് അഭിനയിച്ചിരുന്നു.  മലയാളത്തില്‍ ജയറാമും ഉണ്ണി മുകുന്ദനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അച്ചായന്‍സിലാണ് അമല ഇപ്പോള്‍ അഭിനയിക്കുന്നത്.

തമിഴില്‍ വിഐപി 2, തിരുട്ടു പയലേ 2 കൂടാതെ സിന്‍ഡ്രല എന്നിവയാണ് അമലയുടെ പുതിയ ചിത്രങ്ങള്‍.  മലയാളം, തമിഴ്, തെലുങ്കു ഭാഷകളെ കൂടാതെ കന്നടത്തിലും പുതുവര്‍ഷത്തില്‍ അമല അരങ്ങേറ്റം കുറിക്കും. ഹെബ്ബുലിയാണ് കന്നടത്തില്‍ അമലയുടെ അരങ്ങേറ്റ ചിത്രം.

വിവാഹമോചനത്തിനു ശേഷം അമല തെന്നിന്ത്യന്‍ സിനിമയില്‍ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ്.  അഭിനേത്രി എന്ന നിലയിലും സംവിധായിക എന്ന നിലയിലും താന്‍ ഏറെ ആരാധിക്കുന്ന രേവതിയുടെ ചിത്രത്തില്‍ അഭിനയിക്കുന്ന സന്തോഷത്തിലാണ് അമലയിപ്പോള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top