‘പെണ്‍കുട്ടികള്‍ കോളേജിലേക്ക് വരുന്നത് ആണ്‍കുട്ടികളുടെ ചൂടുപറ്റാന്‍’; മിണ്ടിയാല്‍ പുറത്താക്കല്‍, തര്‍ക്കിച്ചാല്‍ പരാതി സ്ത്രീപീഡനത്തിന്: മഹാരാജാസ് പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും

കൊച്ചി: സ്വകാര്യസ്വാശ്രയ കോളേജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ എതിര്‍ക്കുന്ന നടപടികളെ കേരളം കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ച ചെയ്തതാണ്. എന്നാലിതാ കേരളത്തിന്റെ അഭിമാനമായ മഹാരാജാസ് കോളേജിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങള്‍ പ്രിന്‍സിപ്പലിന് നേരെ ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടികള്‍ കോളേജിലേക്ക് വരുന്നത് ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണ് എന്ന് വരെ നീളുന്നു ഈ അധ്യാപികയുടെ വാക്‌ധോരണികളെന്നാണ് ആരോപണമുര്‍ന്നിരിക്കുന്നത്. പ്രിന്‍സിപ്പലിനെതിരെ സമരം ചെയ്തതിന് പ്രതികാര നടപടികളുടെ ഭാഗമായി പുറത്താക്കിയവരില്‍ പൂമരം ഗാനം സംഗീതം നല്‍കി ആലപിച്ച ഫൈസല്‍ റാസി ഉള്‍പ്പെടെ ഉള്ളവരുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

പ്രതികരിച്ചാല്‍ ശിക്ഷ പുറത്താക്കല്‍
മഹാരാജാസ് കോളേജ് സ്വയംഭരണകോളേജായ ശേഷം ആദ്യമായി അധികാരത്തിലെത്തിയ പ്രിന്‍സിപ്പലാണ് എന്‍എല്‍ ബീന. സ്വയംഭരണത്തിനെതിരെയുള്ള എസ്എഫ്‌ഐ സമരങ്ങളെ പ്രിന്‍സിപ്പല്‍ തനിക്കെതിരെയുള്ള സമരമായി കണക്കിലെടുത്ത്, ആ സമരത്തിന്റെ ഭാഗമായവര്‍ക്ക് നേരെ വ്യക്തിപരമായി പ്രതികാരം ചെയ്യുകയാണെന്ന് മഹാരാജാസ് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഇത്തരത്തിലുള്ള സമരങ്ങളില്‍ പങ്കെടുത്തവരുടെ അക്കാദമിക് വിവരങ്ങളൊന്നും നോക്കാതെ അറ്റന്‍ഡന്‍സിന്റെ പേരില്‍ റോളൗട്ട് ചെയ്യുകയാണ്. ഇത്തരത്തില്‍ പ്രതികാര നടപടിയുടെ ഭാഗമായി പുറത്താക്കപ്പെട്ടവരില്‍ പൂമരം എന്ന സിനിമയിലെ പ്രശസ്തമായ ഗാനം സംഗീതം നല്‍കി ആലപിച്ച ഫൈസല്‍ റാസി, ഈ ഗാനത്തില്‍ അഭിനയിച്ച ഷാന്‍ റൂപ് എന്നീ ബിരുദവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. കോളേജിന്റെയും പുറത്തേയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ സജീവ സാന്നിധ്യമായി നിന്ന ഈ സംഗീതവിഭാഗത്തിലെ കുട്ടികളെ അറ്റന്‍ഡന്‍സിന്റെ കുറവ് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്. ഇവരുള്‍പ്പെടെ കലാകായികരംഗങ്ങളില്‍ മിടുക്കരായ നിരവധി വിദ്യാര്‍ഥികളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനകം കോളേജില്‍നിന്ന് പുറത്താക്കപ്പെട്ടത്.

പെണ്‍കുട്ടികള്‍ അഥവാ ചൂടുപറ്റാന്‍ വരുന്നവര്‍
കോളേജില്‍ ആണ്‍കുട്ടികളോട് സംസാരിച്ചിരുന്ന പെണ്‍കുട്ടികളെ പ്രിന്‍സിപ്പല്‍ ക്ലാസ്മുറികളിലേക്ക് കൂട്ടിക്കൊണ്ടുപോയ സംഭവവും വിവാദമായിരുന്നു. ക്ലാസെടുത്തുകൊണ്ടിരുന്ന അധ്യാപകനെ മാറ്റി നിര്‍ത്തി പരസ്യമായാണ് ക്ലാസില്‍ ഇവരുടെ ‘വിചാരണ’ പ്രിന്‍സിപ്പല്‍ നടത്തിയത്. ‘ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണ് ഇവര്‍ കോളേജിലെക്ക് വരുന്നത്’എന്നായിരുന്നു അനവധി അധ്യാപകശ്രേഷ്ഠന്മാര്‍ അലങ്കരിച്ച കസേരയിലിന്ന് ഇരിക്കുന്ന ബീന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പറഞ്ഞത്. വിഷത്തില്‍ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രിന്‍സിപ്പലിന് മാപ്പ് പറയേണ്ടിയും വന്നു. പക്ഷെ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഇപ്പോളും പ്രിന്‍സിപ്പിലിന്റ വാദം.

താന്‍ പിടിച്ച മുയലിന് താന്‍ പറയുന്നത്ര കൊമ്പ്
സ്വയം ഭരണ കോളേജുകളെക്കുറിച്ച് മുന്‍പ് തങ്ങള്‍ പറഞ്ഞത് ശരിയായെന്നാണ് ഈ പ്രിന്‍സിപ്പല്‍ തെളിയിക്കുന്നതെന്ന് എസ്എഫ്‌ഐ പറയുന്നു. 2015ല്‍ അഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃതമായി പ്രവേശനം നല്‍കാന്‍ കോളേജ് തീരുമാനമെടുത്തതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍പ് 22 വയസ്സുകഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിക്കാന്‍ ശ്രമമുണ്ടായപ്പോഴും കടുത്ത ലിംഗവിവേചനപ്രസ്താവനകള്‍ ഇവര്‍ നടത്തിയിരുന്നു. കോളേജിലെ ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രമാവശ്യമുള്ള ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് പൊളിച്ച് പുതിയത് പണിയണമെന്ന പ്രിന്‍സിപ്പലിന്റെ പിടിവാശിയുടെയും ഫലം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുകയാണ്. സ്വകാര്യ ഹോസ്റ്റലുകളിലേക്ക് മാറാനുള്ള സാമ്പത്തികശേഷിയില്ലാതെ വിദ്യാര്‍ത്ഥികള്‍ ഇപ്പോളും എന്ത് ചെയ്യണമെന്ന് അറിയാതെ പ്രതിസന്ധിയിലാണ്. പരിശേധനയ്‌ക്കെത്തിയ എഞ്ചിനീയര്‍മാര്‍ പോലും അറ്റകുറ്റപ്പണി മാത്രമേ നിര്‍ദേശിച്ചുള്ളൂ. എങ്കിലും താന്‍ പിടിച്ച മുയലിന് മൂന്നിലധികം കൊമ്പുണ്ടെന്നാണ് പ്രിന്‍സിപ്പലിന്റെ അവകാശവാദം.

മിണ്ടിയാല്‍ പൊലീസ്, തര്‍ക്കിച്ചാല്‍ സ്ത്രീപീഡനക്കേസ്
എന്തിനും ഏതിനും കേസ് കൊടുക്കുകയാണ് പ്രിന്‍സിപ്പലിന്റെ മറ്റൊരു വിനോദം. സമരത്തിന്റെ ചര്‍ച്ചകള്‍ക്കായി ഓഫീസില്‍ നടത്തിയ ചര്‍ച്ച തര്‍ക്കത്തിലവസാനിച്ചു. എസ്എഫ്‌ഐയുടെ ഏരിയാ ഭാരവാഹികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ പൊലീസിലും വനിതാ കമ്മീഷനിലും കൊടുത്ത കേസ് സ്ത്രീപീഡനത്തിന്റെതായിരുന്നു. കോളേജില്‍ ഫുട്‌ബോള്‍ കളിച്ചതിന് പോലും പൊലീസിനെ വിളിച്ച അനുഭവങ്ങളുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തി. യൂണിയന്‍ അംഗത്തെ വൈകിട്ട് ആറരയ്ക്ക് ശേഷവും കോളേജില്‍ കണ്ടപ്പോള്‍ പ്രിന്‍സിപ്പല്‍ വിളിച്ച് ശാസിച്ചു. ഇത് ആ വിദ്യാര്‍ത്ഥി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രാത്രി വീട്ടില്‍ കയറിയ പൊലീസിനെ കണ്ടാണ് പിന്നീട് ഇതിന്റെ അനന്തരഫലം ആ വിദ്യാര്‍ത്ഥി നേതാവ് തിരിച്ചറിഞ്ഞത്. ഇത്തരത്തില്‍ പോകുന്നു പ്രിന്‍സിപ്പലിന്റെ അച്ചടക്കം പഠിപ്പിക്കല്‍. നിലവില്‍ യൂണിയന്‍ പരിപാടികള്‍ക്ക് വൈകിട്ട് മൂന്നര കഴിഞ്ഞുമാത്രമേ അനുവാദം നല്‍കൂവെന്നാണ് പ്രിന്‍സിപ്പിലിന്റെ നിലപാടെന്നും യൂണിയന്‍ ചെയര്‍മാന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

ഊമക്കത്തും ഫോട്ടോയെടുപ്പും; പരാതി അധ്യാപകര്‍ക്കും
അപക്വമായ നിലപാടാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരുന്ന് ഈ പ്രിന്‍സിപ്പല്‍ ചെയ്യുന്നതെന്ന ആക്ഷേപം അധ്യാപകര്‍ക്കുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ നടത്തുന്ന വിലകുറഞ്ഞ പ്രചരണങ്ങള്‍ സ്വന്തം സ്ഥാനത്തിന് തന്നെയും അധ്യാപകവൃത്തിക്കും അപമാനമാണെന്നും ഇവര്‍ ആരോപിക്കുന്നു. അധ്യാപകര്‍ക്ക് അശ്‌ളീലച്ചുവയുള്ള സന്ദേശമയക്കുക, യുവ അധ്യാപികയുടെ സ്വഭാവഹത്യ നടത്തുന്ന തരത്തില്‍ ഊമക്കത്ത് തയ്യാറാക്കി പ്രചരിപ്പിക്കുക, അധ്യാപകസംഘടനയുടെ യോഗത്തിലേക്ക് അതിക്രമിച്ച് കയറിച്ചെല്ലുക, ക്യാമ്പസില്‍ അധ്യാപികമാര്‍ ആണ്‍കുട്ടികളുമായി സംസാരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുക തുടങ്ങിയ സംഭവങ്ങള്‍ മുമ്പുതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഈ പ്രിന്‍സിപ്പല്‍ അധ്യാപക സമൂഹത്തിന് തന്നെ നാണക്കേടാണെന്ന് പ്രഖ്യാപിച്ച് അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ദുഷ്പ്രവണതകളെ ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കില്‍ സ്വാശ്രയമേഖലയിലെ ചില സ്ഥാപനമേധാവികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥിവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ വിളയാട്ടങ്ങള്‍ സര്‍ക്കാര്‍ കോളേജിലേക്കുകൂടി വ്യാപിക്കുമെന്ന് സര്‍ക്കാര്‍ അധ്യാപകരുടെ സംഘടനയായ എകെജിസിടി മുന്നറിയിപ്പ് നല്‍കുന്നു.

ചെറുത്തുതോല്‍പ്പിച്ചേ തീരൂ
ചുമരില്‍ ചിത്രം വരച്ചതിന്റെ പേരില്‍ മഹാരാജാസിലുണ്ടായ വിഷയത്തിലും പരക്കെ പ്രിന്‍സിപ്പല്‍ വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്നു. സംവിധായകരായ ആഷിഖ് അബുവും ബി ഉണ്ണികൃഷ്ണനുമുള്‍പ്പടെയുള്ള പ്രമുഖരും ഇവര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ മാത്രമല്ല, മഹാരാജാസ് പോലെയുള്ള വിഖ്യാതമായ കോളേജുകള്‍ക്കും വിദ്യാര്‍ത്ഥി ചൂഷണത്തിന്റെ ‘മഹാഗാഥകള്‍’ പറയാനുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ അടയാളപ്പെടുത്തുന്നത്. പലരും പരസ്യമായും രഹസ്യമായും ലേഡീ ഹിറ്റ്‌ലറെന്നാണ് പോലും പ്രിന്‍സിപ്പലിനെ വിശേഷിപ്പിക്കുന്നത്. സര്‍ഗാത്മകതയും പ്രതികരണശേഷിയും വറ്റിയ ആള്‍ക്കൂട്ടമാക്കി കലാലയങ്ങളെ മാറ്റാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യവുമായാണ് വിദ്യാര്‍ത്ഥിസമൂഹം മഹാരാജാസില്‍ മുന്നോട്ടുപോകുന്നതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top