special page

അതിര്‍ത്തിയിലെ പട്ടിണിയെക്കുറിച്ച് പരാതിപ്പെട്ട ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ ബിഎസ്എഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് മാറ്റി; പുതിയ നിയമനം പ്ലംബറുടെ ജോലിയില്‍


ശ്രീനഗര്‍ : അതിര്‍ത്തിയിലെ ജവാന്മാര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും, മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഫേസ് ബുക്കിലൂടെ പരാതിപ്പെട്ട ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂറിനെ അതിര്‍ത്തിയിലെ ജോലിയില്‍ നിന്നും മാറ്റി. ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പ്ലംബറുടെ ജോലിയിലേക്കാണ് അധികൃതര്‍ യാദവിനെ മാറ്റിയിട്ടുള്ളത്. ഫേസ്ബുക്കിലെ പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ജവാനുമേല്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

നടപടിയെ താന്‍ ഭയക്കുന്നില്ല, യഥാര്‍ത്ഥത്തില്‍ നടക്കുന്ന കാര്യങ്ങളാണ് താന്‍ പേസ്ബുക്ക് പോസ്റ്റില്‍ ഇട്ടത്. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കൂടി ഗുണം ലഭിക്കുമെങ്കില്‍ എത്രവരെ പോരാടാനും തയ്യാറാണെന്ന് തേജ് ബഹാദൂര്‍ യാദവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ആരോപണം ഉന്നയിച്ച തേജ് ബഹാദൂറിനെതിരെ ബിഎസ് എഫ് അധികൃതര്‍ രംഗത്തെത്തിയിരുന്നു. ഇയാള്‍ മദ്യപാനിയും അച്ചടക്കമില്ലാത്തവനും, 2010 ല്‍ കോര്‍ട്ട് മാര്‍ഷലിന് വിധേയനായ ആളുമാണെന്നുമായിരുന്നു ബിഎസ്എഫ് അധികൃതരുടെ ആരോപണം.

ഐജി, ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത്തരം പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും, കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ബിഎസ്എഫ് അധികൃതര്‍ വ്യക്തമാക്കി.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് വിശപ്പു സഹിച്ച് കാലിവയറോടു കൂടിയാണെന്നും, ലഭിക്കുന്ന ഭക്ഷണം ഗുണനിലവാരമില്ലത്തതാണെന്നും, ജമ്മു കശ്മീരിലെ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ 29 ബറ്റാലിയനില്‍ ജോലി നോക്കിയിരുന്ന ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവാണ് വീഡിയോ ദൃശ്യങ്ങള്‍ സഹിതം ആരോപണം ഉയര്‍ത്തിയത്. വീഡിയോ വൈറലായതിനെത്തുടര്‍ന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top