സൈനികര്‍ക്കുള്ള ആനുകൂല്യങ്ങളോ, വൈദ്യ സഹായങ്ങളോ ലഭിക്കുന്നില്ല; കാന്റീന്‍ സഹായം പോലുമില്ല, കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ മറ്റൊരു ജവാന്‍ കൂടി രംഗത്ത്

ജീത് സിങ്ങ്

ദില്ലി: അതിര്‍ത്തിയിലെ പട്ടിണിയെക്കുറിച്ചുള്ള ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ, കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മറ്റൊരു സൈനികന്‍ കൂടി രംഗത്ത്. രാജസ്ഥാനിലെ മൗണ്ട് അബുവിലെ സി.ആര്‍.പി.എഫ് ജവാനും മധുര സ്വദേശിയുമായ ജിത് സിങ്ങാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള അപേക്ഷയായി വീഡിയോ പുറത്തുവിട്ടത്.

അര്‍ധ സൈനിക വിഭാഗങ്ങളോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയെക്കുറിച്ചാണ് രണ്ട് മിനുട്ട് 51 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജീത് സിങ്ങ് വിവരിക്കുന്നത്. സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍, അര്‍ധസെനിക വിഭാഗങ്ങളെ തഴയുകയാണ്. വിമുക്തഭടന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കുമ്പോള്‍, 20 വര്‍ഷം സേവനം അനുഷ്ഠിച്ച അര്‍ധസെനിക വിഭാഗങ്ങളില്‍പ്പെട്ടവര്‍ പേലും പെന്‍ഷന്‍ പദ്ധയിയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നു.

അധ്യാപകര്‍ക്ക് പോലും കൈനിറയെ ശമ്പളവും, കുടുംബത്തോടൊപ്പം കഴിയാനായി ഉദാരമായി ലീവും അനുവദിക്കുമ്പോള്‍, കൊടും കാടുകളിലും ദുര്‍ഘടപ്രദേശങ്ങളിലും സേവനം അനുഷ്ഠിക്കുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആവശ്യത്തിന് അവധി പോലും ലഭിക്കുന്നില്ലെന്ന് ജിത് സിങ് പറയുന്നു.

വിരമിച്ച സൈനികര്‍ക്കുള്ള ആനുകൂല്യങ്ങളോ, വൈദ്യ സഹായങ്ങളോ ലഭിക്കുന്നില്ല. ഞങ്ങളുടെ പെന്‍ഷന്‍ പോലും നിര്‍ത്തിവെച്ചിരിക്കുകയാണ്. കാന്റീന്‍ സഹായം പോലും ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് തങ്ങളോട് ഇത്ര വിവേചനം എന്ന് ജീത് സിങ് വിഡിയോയില്‍ ചോദിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top