സംവിധായകൻ കമൽ രാജ്യം വിട്ടു പോകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് എ എൻ രാധാകൃഷ്ണൻ

കോഴിക്കോട്: സംവിധായകന്‍ കമല്‍ പാകിസതാനിലേക്ക് പോകണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ബിജെപിക്കാര്‍ പറഞ്ഞ വാക്ക് മാറ്റുന്നവരല്ല. ഇതു സംബന്ധിച്ച തുടര്‍ നിലപാട് മേഖലാ ജാഥയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്നു അദ്ദേഹം പറഞ്ഞു.

തനിക്ക് കൃത്യമായി വിഷയങ്ങളെക്കുറിച്ച് കാഴ്ചപ്പാടുണ്ട്. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. പറഞ്ഞത് എന്താണോ അവയെക്കുറിച്ചെല്ലാം വ്യക്തമായ ബോധ്യമുണ്ടെന്ന് എന്‍ രാധാകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും അടിയുറച്ച് തന്നെ നില്‍ക്കുകയാണ്, മാധ്യമങ്ങള്‍ പറഞ്ഞ് പ്രചരിപ്പിച്ച കാര്യങ്ങളിലല്ല, താനെന്ത് അഭിപ്രായ പ്രകടനമാണോ നടത്തിയത് അതില്‍ 100 ശതമാനം ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ കമലിന് തീവ്രവാദ ബന്ധമുണ്ടെന്നും അദ്ദേഹം പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു എഎന്‍ രാധാകൃഷ്ണന്റെ വിവാദ പ്രസ്താവന. എംടി വാസുദേവന്‍ നായരെ വിമര്‍ശിച്ച ചര്‍ച്ചകള്‍ അടങ്ങും മുന്‍പേയാണ് കമലിനെതിരേയും വിദ്വേഷ പരാമര്‍ശം നടത്തി എഎന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്.കേരളത്തിലെ ആക്രമണങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റിയാല്‍ മതിയെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പരമോന്നതമായ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമോ എന്ന് സംശയമുള്ളയാളാണ് കമല്‍. അദ്ദേഹത്തിനെ പോലെയുള്ളൊരാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കേണ്ട എന്നു തോന്നുന്നുണ്ടെങ്കില്‍ രാജ്യം വിട്ടു പോകണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു

ഇതിന് മുന്‍പ് എംടിയെ വിമര്‍ശിച്ചും രാധാകൃഷണന്‍ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും നരേന്ദ്ര മോദിയേയും വിമര്‍ശിക്കാന്‍ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. രാജ്യം മാറിയതൊന്നും എംടി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top