രഞ്ജി ട്രോഫി ഫൈനലില്‍ ഗുജറാത്തിന് 100 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; രണ്ടാമിന്നിംഗ്‌സില്‍ മുംബൈ പൊരുതുന്നു

മന്‍പ്രീത് ജുനേജ

ഇന്‍ഡോര്‍ : രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മുംബൈയ്‌ക്കെതിരെ ഗുജറാത്തിന് 100 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. മുംബൈ നേടിയ 228 റണ്‍സെന്ന ഒന്നാമിന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ബാറ്റ് ചെയ്ത ഗുജറാത്ത് 328 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. പാര്‍ത്ഥിവ് പട്ടേല്‍, മന്‍പ്രീജ് ജുനേജ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ നേടാന്‍ തുണയായത്.

നായകന്‍ പാര്‍ത്ഥിവ് പട്ടേല്‍ 90 റണ്‍സെടുത്തപ്പോള്‍, മന്‍പ്രീത് 77 റണ്‍സെടുത്ത് നായകന് മികച്ച പിന്തുണ നല്‍കി. ഭാര്‍ഗവ് മേരാ 45 റണ്‍സെടുത്തു.

മുംബൈയ്ക്കുവേണ്ടി ശാര്‍ദൂല്‍ താക്കൂര്‍ നാലു വിക്കറ്റെടുത്തു. ബല്‍വീന്ദര്‍ സന്ധു, മലയാളി താരം അഭിഷേക് നായര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.

100 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 54 റണ്‍സെടുത്തപ്പോഴേയ്ക്കും, മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത ഓപ്പണര്‍ ഹേര്‍വാദ്കറുടെ വിക്കറ്റാണ് നഷ്ടമായത്. ചിന്തന്‍ ഗജയുടെ പന്തില്‍ സമിത് ഗോഹല്‍ പിടിച്ചാണ് ഹേര്‍വാദ്കര്‍ പുറത്തായത്.

സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ രണ്ടാം ഓപ്പണറായ പ്രിഥ്വി ഷായുടെ വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായി. ഗജയുടെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഒത്തുചേര്‍ന്ന ശ്രേയസ്സ് അയ്യര്‍, സൂര്യകുമാര്‍ യാദവ് ജോഡി മുംബൈയെ വന്‍തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top