special page

നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു; വിവരാവകാശ കമ്മീഷണറെ മാറ്റി

നരേന്ദ്രമോദി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ദില്ലി സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയ വിവരാവകാശ കമ്മീഷണര്‍ എംഎസ് ആചാര്യലുവിനെ മാറ്റി. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുന്ന മാനവവിഭവ വകുപ്പിന്റെ ചുമതലയില്‍ നിന്നുമാണ് ആചാര്യലുവിനെ മാറ്റിയത്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മാത്തൂറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മാനവവിഭവ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും കൈകാര്യം ചെയ്യാന്‍ മറ്റൊരു വിവരാവകാശ കമ്മീഷണറായ മഞ്ജുള പരാശര്‍ക്ക് ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്.

നരേന്ദ്രമോദിയുടെ ബിരുദം നേടിയതായി പറയപ്പെടുന്ന 1978 ലെ എല്ലാ ബി എ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങളും രേഖകളുടെ പകര്‍പ്പും നല്‍കാന്‍ ഡിസംബര്‍ 21 നാണ് ആചാര്യലു ദില്ലി സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയത്. വിവരാവകാശ അപേക്ഷയിന്മേലായിരുന്നു ആചാര്യലുവിന്റെ നടപടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഇതിന് മറുപടിയായി 1978 ല്‍ ദില്ലി സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ മോദി ബിരുദം നേടിയതായി ബിജെപി വ്യക്തമാക്കി. വിദൂരവിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് മോദി ബിരുദം നേടിയതെന്നും ബിജെപി നേതൃത്വം അറിയിച്ചു. ഇക്കാര്യം ദില്ലി സര്‍വകലാശാല രജിസ്ട്രാര്‍ തരുണ്‍ ദാസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്നാണ് നീരജ് എന്നയാള്‍ 1978 ലെ എല്ലാ ബി എ ബിരുദ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

കഴിഞ്ഞവര്‍ഷം മോദിയുടെ ബിരുദം സംബന്ധിച്ച അപേക്ഷ ദില്ലി സര്‍വകലാശാല നിരസിച്ചിരുന്നു. ബിരുദം സംബന്ധിച്ച രേഖകള്‍ വിദ്യാര്‍ത്ഥിയുടെ സ്വകാര്യ വിവരമാണെന്നും, ഇക്കാര്യങ്ങള്‍ പൊതുതാല്‍പ്പര്യത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും, അതിനാല്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നും  ആയിരുന്നു സര്‍വകലാശാലയുടെ മറുപടി.

എന്നാല്‍ ഈ വാദം തള്ളിയ ആചാര്യലു, നിലവിലുള്ളതും പഠനം പൂര്‍ത്തിയാക്കിയതുമായ എല്ലാ വിദ്യാര്‍ത്ഥികളും പൊതുതാല്‍പ്പര്യത്തിന്റെ പരിധിയില്‍ വരുമെന്നും വ്യക്തമാക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മോദി പഠിച്ചു എന്നു പറയപ്പെടുന്ന 1978 ലെ എല്ലാ ബി എ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ ഹാജരാക്കാന്‍ ദില്ലി സര്‍വകലാശാലയ്ക്ക് ആചാര്യലു നിര്‍ദേശം നല്‍കിയത്. അപേക്ഷ നിരസിച്ച ദില്ലി സര്‍വകലാശാല സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് 25,000 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

മാനവവിഭവ വകുപ്പുമായി ബന്ധപ്പെട്ട ചുമതലയില്‍ നിന്നും നീക്കിയ നടപടിയില്‍ പ്രതികരിക്കാന്‍ ആചാര്യലു തയ്യാറായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top