‘ചെഗുവേരയുടെ ചിത്രം ചുവരിൽ മാത്രമല്ല വരയ്ക്കുന്നത്, ദുരിതമനുഭവിക്കുന്നവരുടെ ഹൃദയത്തിൽ കൂടിയാണ്’; എൻഡോസൾഫാൻ വിഷയത്തിൽ ഡിവൈഎഫ്ഐയെ അഭിവാദ്യം ചെയ്ത് ജോയ് മാത്യു

തിരുവനന്തരപുരം: ഒരു യുവജന പ്രസ്ഥാനം കാലത്തിനനുസരിച്ചു മാറിച്ചിന്തിച്ചതിന്റേയും പ്രവര്‍ത്തിച്ചതിന്റേയും ഫലമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെന്ന് നടന്‍ ജോയ് മാത്യു. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഒരു പൗരനുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ പോന്ന ഒന്നായി വേണം ഈ വിധിയെ കണക്കാക്കാനെന്നും ജോയ് മാത്യു പറഞ്ഞു.

നിഷേധിക്കപ്പെട്ട നീതി തിരിച്ചുപിടിക്കാനുള്ള സാധ്യതകള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ തന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞ് അത് ബുദ്ധിപൂര്‍വം പ്രയോഗത്തില്‍ വരുത്താന്‍ ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടനക്ക് കഴിഞ്ഞു എന്നത് മറ്റു യുവജന പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്. സമരങ്ങളും സഹനങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ കൊണ്ടു നടക്കുന്ന യുവാക്കള്‍ ധീര വിപ്ലവകാരി ചെഗുവേവരയുടെ ചിത്രം ചുവരില്‍ മാത്രമല്ല വരയ്ക്കുന്നത് ദുരിതമനുഭവിക്കുന്നവരുടെ ഹൃദയത്തിലും കൂടിയാണെന്ന് വിവരദോഷികളും
അല്‍പ്പജ്ഞാനികളുമായ പ്രതിലോമശക്തികള്‍ മനസ്സിലാക്കട്ടെയെന്നു ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതിയില്‍ നിന്നും കഠിന പരിശ്രമത്തിലൂടെ ഈ ചരിത്രനേട്ടം നേടിയെടുത്തത് തന്റെ ആത്മസുഹൃത്ത് അഡ്വ ദീപന്‍ ആണെന്നത് തനിക്ക്് തരുന്ന ആഹ്ലാദം ചെറുതല്ലെന്ന് പറഞ്ഞ ജോയ് മാത്യു ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കീടനാശിനി കമ്പനികള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂന്ന് മാസത്തിനകം ഈ തുക കൈമാറണെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരിന് നിയമനടപടികളുമായി മുന്നോട്ടുപോകാം. കീടനാശിനി കമ്പനികള്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണക്കാരായ കീടനാശിനികമ്പനികളില്‍നിന്ന് ഇരകള്‍ക്കുളള നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദുരന്തമുണ്ടാക്കിയ പ്രത്യാഘാതം ജീവിതാവസാനം വരെ അനുഭവിക്കേണ്ടിവരുന്നതിനാല്‍ കൂടുതല്‍ തുക നഷ്ടപരിഹാരം വേണമെന്ന് ഡിവൈഎഫ്‌ഐക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ വാദിച്ചു. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ഇരകള്‍ക്ക് അഞ്ചു ലക്ഷംരൂപ വീതം നഷ്ടപരിഹാരം നല്‍കാമെന്ന് സംസ്ഥാനം ഉറപ്പുനല്‍കിയിരുന്നതായി കീടനാശിനി കമ്പനികള്‍ കോടതിയെ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top