സുഷമയുടെ താക്കീത് ഫലം കണ്ടു; ദേശീയപതാകയെ അപമാനിക്കുന്ന ചവിട്ടി ആമസോണ്‍ പിന്‍വലിച്ചു

ഫയല്‍ ചിത്രം

ദില്ലി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ കര്‍ശന താക്കീതിനെത്തുടര്‍ന്ന്, ദേശീയപതാകയെ അപമാനിക്കുന്ന വിവാദ ചവിട്ടി വില്‍പ്പന ആമസോണ്‍ കാനഡ കമ്പനി നിര്‍ത്തിവെച്ചു. വിവാദ ചിത്രം വൈബ്‌സൈറ്റില്‍ നിന്നും കമ്പനി നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആമസോണ്‍ കമ്പനി വക്താവാണ് ഇക്കാര്യം അറിയിച്ചത്.

ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത നിര്‍മിച്ച ആമസോണ്‍ മാപ്പു പറയണമെന്നും, വിവാദ ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ആമസോണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ലെന്നും, ഇതിനോടകം നല്‍കിയ വിസകള്‍ റദ്ദാക്കുമെന്നും വിദേശകാര്യമന്ത്രി ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആമസോണ്‍ കമ്പനിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടും സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

കാനഡയില്‍ ഇന്ത്യന്‍ പതാകയുടെ മാതൃകയിലുള്ള ചവിട്ടി വില്‍പ്പന
അതുല്‍ ഭോബ് എന്നയാളാണ് വെബ്‌സൈറ്റ് പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം സംഭവം മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്നാണ് സുഷമ കമ്പനി അധികൃതര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കിയത്. സംഭവത്തില്‍ കാനഡയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top