സൈക്കിളിനായി അവകാശത്തര്‍ക്കം: മുലായം സിംഗും, അഖിലേഷ് വിഭാഗവും ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ഫയല്‍ ചിത്രം

ദില്ലി : സമാജ്‌വാദി പാര്‍ട്ടിയിലെ അവകാശത്തര്‍ക്കം പരിഹാരമില്ലാതെ തുടരുന്നതിനിടെ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. സഹോദരനും പാര്‍ട്ടി യു പി സംസ്ഥാന അധ്യക്ഷനുമായ ശിവപാല്‍ യാദവും അദ്ദേഹത്തോടൊപ്പമുണ്ടാകും. അഖിലേഷ് വിഭാഗവും ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും. കരുത്ത് തെളിയിക്കാനുള്ള കൂടുതല്‍ തെളിവുകള്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കുകയാണ് ഇരുവിഭാഗത്തിന്റേയും ലക്ഷ്യം.

സൈക്കിള്‍ ചിഹ്നത്തിന് അവകാശമുന്നയിച്ച് മുലായവും, അഖിലേഷ് വിഭാഗവും സമര്‍പ്പിച്ച പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് ഇരു വിഭാഗവും ഇന്ന് വീണ്ടും കമ്മീഷനെ കാണുന്നത്. പാര്‍ട്ടി ചിഹ്നത്തിന് വേണ്ടി വാദിക്കാന്‍ വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ ഇരു വിഭാഗവും തീരുമാനിച്ചിട്ടുണ്ട്.

സമാജ്‌വാദി പാര്‍ട്ടി തന്റേതാണെന്നും പാര്‍ട്ടിയെ പിളര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്നും മുലായം ലഖ്‌നൗവില്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാന്‍ ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ മുലായത്തിന്റെ ഒത്തു തീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ അഖിലേഷ് യാദവ് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഖിലേഷിനെതിരെ നിലപാട് കടുപ്പിച്ച മുലായം രംഗത്തെത്തിയത്.

പാര്‍ട്ടി പിളര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്നും, ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് താന്‍ കെട്ടിപ്പടുത്തതാണ് സമാജ്‌വാദി പാര്‍ട്ടിയെന്നും മുലായം പറഞ്ഞു. അതേസമയം പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളും പ്രവര്‍ത്തകരും തങ്ങളോടൊപ്പമാണെന്നും, അതിനാല്‍ തങ്ങളാണ് യഥാര്‍ത്ഥ സമാജ് വാദി പാര്‍ട്ടിയെന്നുമാണ് അഖിലേഷ് യാദവ് ക്യാംപിന്റെ നിലപാട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top