ഗാര്‍ഹിക തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാന്‍ സൗദി ആഫ്രിക്കന്‍ രാജ്യങ്ങളുമായി കരാറിലേക്ക്

പ്രതീകാത്മക ചിത്രം

ജിദ്ദ: ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഈ വര്‍ഷം ആദ്യപകുതിയില്‍ കരാര്‍ നിലവില്‍ വരുന്നതോടെ സൗദിയിലെ ഗാര്‍ഹിക തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സ്വദേശി കുടുംബങ്ങള്‍. കരാര്‍ നിലവില്‍ വരുന്നതോടെ റിക്രൂട്ട്‌മെന്റിനുള്ള ചെലവ് ഇരുപത് ശതമാനത്തോളം ചുരുക്കാനും കഴിയും. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ സൗദി തൊഴില്‍, സാമൂഹ്യ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സൗദിയിലെ ഗാര്‍ഹിക തൊഴിലാളി ക്ഷാമത്തിന് ഈ വര്‍ഷം ആദ്യ പകുതിയില്‍തന്നെ പരിഹാരമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോമാലിയ, എത്യോപ്യ, ഘാന, ഛാഡ് തുടങ്ങിയ ആഫ്രിക്കന്‍ രാജൃങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് സൗദി തൊഴില്‍, സാമൂഹ്യമന്ത്രാലയം കരാര്‍ ഒപ്പുവെക്കുന്നതോടെയായിരിക്കും ഈ മേഖലയിലുള്ള തൊഴിലാളികളുടെ ക്ഷാമത്തിന് അറുതി വരിക. സ്വദേശികള്‍ക്ക് ഈ രാജൃങ്ങളില്‍ നിന്നും ഇഷ്ടമുള്ള തൊഴിലാളികളെ തെരഞ്ഞെടുക്കാനുള്ള വഴിയൊരുങ്ങും. അതോടൊപ്പം ഒപ്പിടാന്‍ പോകുന്ന നാല് ആഫ്രിക്കന്‍ രാജൃങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് ചെലവ് 20 ശതമാനത്തോളം കുറയുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ മന്ത്രാലയം ചര്‍ച്ചചെയ്ത് തീരുമാനമെടുത്തിട്ടുണ്ട്. നിലവില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് കൊണ്ടുവരുവാനുള്ള ഉയര്‍ന്ന ചെലവ് പല ഇടത്തരം കൂടുംബങ്ങളെയും അതിനു താഴെയുള്ള കുടുംബങ്ങളെയും സാരമായി ബാധിച്ചിരുന്നു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ അതാത് രാജ്യത്തെ എംബസികളുടെ അംഗീകാരമുള്ള ഏജന്‍സികള്‍ വഴി മാത്രമെ റിക്രൂട്ട്‌മെന്റ് പാടുള്ളു എന്നും അനധികൃത മാര്‍ഗത്തിലുള്ള റിക്രൂട്ട്‌മെന്റ് നടത്തി കരാര്‍ ലംഘനമുണ്ടായാല്‍ നിയമപരമായ പരിരക്ഷക്ക് സാധ്യതയില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top