സൗദി അറേബ്യയില്‍ യുദ്ധ വിമാനം നിര്‍മിക്കുമെന്ന് അല്‍ സലാം എയ്‌റോസ്‌പേസ്

പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയില്‍ യുദ്ധ വിമാനം നിര്‍മ്മിക്കാന്‍ പദ്ധതിയുളളതായി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ സലാം എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് കമ്പനി അറിയിച്ചു. അടുത്ത പത്തു വര്‍ഷത്തിനകം ലക്ഷ്യം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കി.

പൂര്‍ണമായും സൗദിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധം കമ്പനിയെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് അല്‍ സലാം എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് സിഇഒ യഹ്‌യ അല്‍ ഗുറൈബി പറഞ്ഞു. സൈനിക, വാണിജ്യ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം കൂടുതല്‍ വിമാന ഭാഗങ്ങള്‍ തദ്ദേശിയമായി നിര്‍മിക്കും. 10 വര്‍ഷത്തിനകം വിമാന നിര്‍മാണത്തിന് ആവശ്യമായ 90 ശതമാനം ഉത്പ്പന്നങ്ങളും സൗദിയില്‍ നിര്‍മിക്കാന്‍ കഴിയും. സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ണമായും നിര്‍വഹിക്കാന്‍ കഴിയുന്ന വിധം സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. യഹ്‌യ അല്‍ ഗുറൈബി വ്യക്തമാക്കി.

2030 ആകുന്നതോടെ സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് സൗദി അറേബ്യ ചെലവഴിക്കുന്ന തുകയില്‍ 50 ശതമാനവും രാജ്യത്തു തന്നെ വിനിയോഗിക്കും. ഇതു കമ്പനിക്കു ഗുണകരമാകും. ഈ സാഹചര്യത്തില്‍ സ്വന്തമായി യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ എഫ് 15 ഇനത്തിലുളള യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണി അല്‍ സലാം കമ്പനിയാണ് ചെയ്യുന്നത്. സൈനിക താവളങ്ങളില്‍ കമ്പനിയുടെ കീഴില്‍ 800 സാങ്കേതിക വിദഗ്ധര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 56 ശതമാനം സ്വദേശികളാണെന്നും യഹ്‌യ അല്‍ ഗുറൈബി പറഞ്ഞു.

അല്‍ സലാം കമ്പനിയുടെ ഓഹരികള്‍ നിലവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല. എന്നാല്‍ അഞ്ചു വര്‍ഷത്തിനകം ഓഹരി വില്‍പ്പന നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും കമ്പനി സിഇഒ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top