ദേശീയപതാകയെ അപമാനിച്ച ആമസോണ്‍ മാപ്പ് പറയണം, ഇല്ലെങ്കില്‍ വിസ റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ദില്ലി: ത്രിവര്‍ണ നിറത്തിലുള്ള ചവിട്ടുമെത്തകള്‍ വിപണിയില്‍ ഇറക്കി ഇന്ത്യന്‍ദേശീയ പതാകയെ അപമാനിച്ച ആമസോണിനെതിരെ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ ആമസോണ്‍ നിരുപാധികം മാപ്പ് പറയണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആമസോണ്‍ കാനഡ അധികൃതര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വെബ്സൈറ്റ് പേജിന്റെ സ്ക്രീന്‍ ഷോട്ട്

ഇന്ത്യന്‍ പതാക ചിത്രീകരിക്കുന്ന ഡോര്‍മാറ്റുകള്‍ ആമസോണ്‍ കാനഡ വെബ്‌സൈറ്റ് വഴി വില്‍പ്പനയ്ക്കു വെച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിസ നിരോധനം ഏര്‍പ്പെടുത്തിയത്. കമ്പനി ഉദ്യോഗസ്ഥര്‍ക്കായി ഇതിനോടകം നല്‍കിയ വിസകള്‍ റദ്ദാക്കുംമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിവാദത്തിനിടയാക്കിയ സാധനങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് കമ്പനി നിരുപാധികം മാപ്പു പറയുന്നതുവരെ വിസ നിരോധനം നിലനില്‍ക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. അതുല്‍ ഭോബ് എന്നയാളാണ് വെബ്സൈറ്റ് പേജിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം സംഭവം ട്വിറ്റര്‍ വഴി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്നാണ് കമ്പനി അധികൃതര്‍ക്ക് മന്ത്രിയുടെ കര്‍ശനമായ താക്കീത് ലഭിച്ചത്.

ആമസോണിന്റെ പ്രവര്‍ത്തി അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി ഇന്ത്യന്‍ ഹൈക്കമ്മീഷനു നിര്‍ദ്ദേശം നല്‍കി.

സംഭവത്തില്‍ കാനഡയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ആമസോണ്‍ കാനഡ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും വിവാദമായ പേജ് നീക്കം ചെയ്തു. ഇന്ത്യന്‍ ദൈവങ്ങളുടെ ഫോട്ടോ പതിച്ച ഡോര്‍ മാറ്റുകളും ലെഗിങ്ങ്സുകളും വില്‍പ്പനയ്ക്കു വെച്ച് ഇതിനു മുന്‍പും ആമസോണ്‍ ഇത്തരത്തില്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top