“എനിക്കും പോകണം അമേരിക്കയിലോട്ട്”; കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാ താരം അലന്‍സിയറുടെ ഏകാംഗ നാടകം

അലന്‍സിയര്‍ ഏകാംഗ നാടകം അവതരിപ്പിക്കുന്നു

കാസര്‍ഗോഡ്: സംവിധായകന്‍ കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വര്‍ധിച്ചു വരുന്ന ഫാസിസ്റ്റ് ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധം തീര്‍ത്തും നടന്‍ അലന്‍സിയര്‍. ഏകാംഗ നാടകത്തിലൂടെയാണ് അലന്‍സിയര്‍ തന്റെ ഐക്യദാര്‍ഢ്യവും പ്രതിഷേധവും രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് നഗരമാണ് അലന്‍സിയറുടെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്.

ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞു. കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിന് എത്തിയതായിരുന്നു അലന്‍സിയര്‍.

ഏകാംഗ നാടകത്തില്‍ നിന്ന്

ഇത് പ്രതിഷേധമല്ല, പ്രതിരോധമാണ്. ഞാനൊരു നടനാണ്. മഹാഭാരതം എന്ന് വിശ്വസിക്കുന്ന ഒരു സ്ഥലത്താണ ഞാന്‍ ജീവിക്കുന്നത്. മഹാഭാരതത്തിന് ഒരു അര്‍ത്ഥമുണ്ട്. അത് മനസിലാക്കാതെ പോകുന്ന കുറേ മനുഷ്യരുടെ ഇടയിലാണല്ലോ നമ്മള്‍ എത്തിപ്പെട്ടിരിക്കുന്നത് എന്നതിലുള്ള പ്രതിഷേധമാണ്. അലന്‍സിയര്‍ പറഞ്ഞു.

ദേശീയഗാന വിവാദത്തിന്റെ പേരില്‍ കമലിനെതിരെ സംഘപരിവാര്‍ കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. കമല്‍ രാജ്യദ്രോഹിയാണെന്നും രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അലന്‍സിയറുടെ ഒറ്റയാള്‍ പ്രതിഷേധം.

കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കമലിന്റെ ജന്‍മനാടായ കൊടുങ്ങല്ലൂരില്‍ ഇന്ന് പരിപാടി നടന്നിരുന്നു. ഇരുള്‍ വിഴുങ്ങും മുന്‍പേ എന്ന പേരില്‍ നടത്തിയ സദസ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ് ഉദ്ഘാടനം ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top