‘മാനേജ്മെന്റ് അസമയത്ത് ഹോസ്റ്റലില്‍ നിന്നും ഇറക്കിവിട്ടു’; നെഹ്റു കോളെജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടി രംഗത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളെജ് ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കിവിട്ടു. മറ്റു ജില്ലകളില്‍ നിന്നുമുള്ള പെണ്‍കുട്ടികളെയാണ് ഹോസ്റ്റലില്‍ നിന്നും ഇറക്കി വിട്ടത്. രക്ഷിതാക്കള്‍ വരുന്നത് വരെ കാത്ത് നില്‍ക്കാന്‍ പോലും അനുവദിച്ചില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.

ഞാന്‍ നെഹ്‌റു കോളെജിലെ വിദ്യാര്‍ത്ഥിനിയാണ്. ഹോസ്റ്റലില്‍ നടന്ന സംഭവം പറയാതിരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് വിളിക്കുന്നത്. പെട്ടെന്ന് ഒരു നിമിഷം ഞങ്ങളോട് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ എവിടെപ്പോവുന്നുവെന്നോ എങ്ങനെ പോവുന്നുവെന്നോ എന്നതിന് യാതൊരു ഉത്തരവാദിത്വവും ഞങ്ങള്‍ക്കില്ലെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞതായി പെണ്‍കുട്ടി റിപ്പോര്‍ട്ടറോട് പറഞ്ഞു.

മുന്‍പ് പാമ്പാടി വരെ ഒന്ന് പോവണമെങ്കില്‍ ഗെയ്റ്റ് പാസ്,രക്ഷിതാക്കളുടെ ഒപ്പ്, രക്ഷിതാക്കളുടെ ഫോണ്‍കോള്‍ തുടങ്ങിയ കര്‍ശന നിയമങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇറക്കി വിടുമ്പോള്‍ അവര്‍ക്ക് യാതൊന്നും അറിയേണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

പാമ്പാടി കഞ്ചാവിന്റെ കേന്ദ്രമാണെന്നൊക്കെ പറഞ്ഞായിരുന്നു ഞങ്ങളെ ഇറങ്ങാന്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ ഇന്ന് അതൊന്നും ഇല്ല. അവര്‍ക്ക് എങ്ങനെ ഇങ്ങനെ മാറാന്‍ സാധിച്ചുവെന്നും പെണ്‍കുട്ടി ചോദിച്ചു. മാനേജ്‌മെന്റിനെ വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നാണ് പറഞ്ഞത്. ഇതാണോ ശരിക്കും പെണ്‍കുട്ടികള്‍ മാനേജ്‌മെന്റിനോട് ചെയ്യേണ്ടിയിരുന്നതെന്ന് പെണ്‍കുട്ടി ചോദിച്ചു.

ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് മാനേജ്‌മെന്റിനെതിരെ പ്രതിഷേധം കത്തുകയാണ്. അതേസമയം ജിഷ്ണുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തി. ഹോസ്റ്റലിന് സമീപമുള്ള ഓടയില്‍ നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത്.

എന്റെ സ്വപ്‌നവും ജീവിതവും നശിപ്പിച്ചു. ഞാന്‍ വിടവാങ്ങുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. എന്റെ ജീവിതം പാഴായി എന്നും കുറിപ്പിലുണ്ട്. ലഭിച്ച കുറിപ്പ് ജിഷ്ണുവിന്റേതാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top