‘ചെഗുവേരയുടെ ചിത്രങ്ങള്‍ വെച്ചിടത്തുതന്നെ കാണും’, കേരളത്തില്‍ കല്‍ബുര്‍ഗിമാരെ സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും സിപിഐഎം

ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരളത്തില്‍ കല്‍ബുര്‍ഗിമാരെ സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാനക്കമ്മിറ്റി. കേരളത്തില്‍ വര്‍ഗീയസംഘര്‍ഷം ഒരുക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും ഇതിന്റെ ഭാഗമായാണ് സാംസ്‌കാരിക നായകന്മാര്‍ക്ക് നേരെ അക്രമണം സംഘടിപ്പിക്കുന്നതെന്നും സംസ്ഥാനക്കമ്മിറ്റി കുറ്റപ്പെടുത്തി. ചെഗുവേരയുടെ ചിത്രം വെച്ചയിടത്ത് തന്നെ കാണുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആര്‍എസ്എസിനെതിരെ കടുത്ത ഭാഷയിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി മറുപടി നല്‍കിയത്. കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയന്നും കോടിയേരി പറഞ്ഞു. എംടിക്കും കമലിനും എതിരെയുള്ള ആര്‍എസ്എസ് നീക്കങ്ങളെ പ്രതിരോധിക്കും. കേരളത്തില്‍ കല്‍ബുര്‍ഗിമാരെ സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും കേരളത്തിന്റെ മതേതരസ്വഭാവത്തെ ഇല്ലാതാക്കാനാകില്ല. സാംസ്‌കാരിക നായകന്മാര്‍ക്ക് നേരെയുള്ള ആര്‍എസ്എസ് നീക്കം വര്‍ഗീയ അസ്വാരസ്യം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ്. ഈ ശ്രമങ്ങളെ കേരളം ചെറുത്തുതോല്‍പ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

ചിലരിപ്പോള്‍ ചെഗുവേരയുടെ ചിത്രം വെക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. ചിത്രങ്ങള്‍ മാറ്റാനും ചിലര്‍ ആവശ്യപ്പെടുന്നു. ചെഗുവരയുടെ ചിത്രങ്ങള്‍വെച്ചയിടത്ത് തന്നെ കാണുമെന്നും ഇവര്‍ക്ക് കോടിയേരി മറുപടി നല്‍കി. ആര്‍ക്കും ചെഗുവരയുടെ ചിത്രങ്ങളെ ഒന്നും ചെയ്യാനാകില്ല. ചെഗുവേരയുടെ ചിത്രം ഇനിയും കൂടുതല്‍ സ്ഥലങ്ങളില്‍ വെക്കും. ഇതിന് സിപിഐഎം പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കുമെന്നും കോടിയേരി പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് കോടിയേരി ഇക്കാര്യങ്ങള്‍ തിരുവനന്തപുരത്ത് വിശദീകരിച്ചത്. കമലിന് തീവ്രവാദബന്ധമുണ്ടെന്നും രാജ്യം വിട്ടുപോകണമെന്നും എഎന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ അക്രമരാഷ്ട്രീയത്തിന് കാരണം ചെഗുവേരയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേരളത്തിലെ അക്രമത്തിന് അറുതിവരുത്താന്‍ ഗ്രാമങ്ങളിലെ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുകളഞ്ഞാല്‍ മതിയെന്നും രാധാകൃഷ്ണന്‍ നിര്‍ദേശിച്ചിരുന്നു. പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് കേരളത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top