സംഗീതത്തിന്റെ ക്രീസിലും സച്ചിന്‍ മാജിക്; സാക്കിര്‍ ഹുസൈനോടൊപ്പമുള്ള ക്രിക്കറ്റ് ദൈവത്തിന്റെ ജുഗല്‍ബന്ദി സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

മുംബൈ: ക്രീസില്‍ ബാറ്റുകൊണ്ട് സിംഫണി തീര്‍ക്കുന്ന സച്ചിന് സംഗീതം അന്യമാവാന്‍ വഴിയില്ല. സംഗീതത്തിലേക്ക് വരുമ്പോള്‍ സച്ചിന് ചെറിയ കൂട്ടുകെട്ടുകളൊന്നും സാധ്യവുമല്ല. അതു കൊണ്ട് തന്നെ സംഗീതത്തിന്റെ ക്രീസില്‍ സച്ചിന്‍ കൊട്ടിക്കയറിയത് വിരലുകളില്‍ മായാജാലമൊളിപ്പിച്ച ഉസ്താദ് സാക്കിര്‍ ഹുസൈനൊപ്പം.

മുംബൈയിലെ ഷണ്‍മുഖാനന്ദ ഹോളിലാണ് രണ്ട് മാന്ത്രികര്‍ ഒരുമിച്ച് താളമിട്ടത്. സാക്കിറും സച്ചിനും ഒരുമിച്ച് അവതരിപ്പിച്ച ജുഗല്‍ബന്ദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നു പിടിച്ചു. ലക്ഷക്കണക്കിനാളുകള്‍ വീഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തു.

തബല വായിക്കുന്നതിന്റെ വീഡിയോ സച്ചിന്‍ തന്നെയാണ് ട്വിറ്ററില്‍ പങ്ക് വെച്ചത്. സംഗീതം ആത്മാക്കളെ ഒന്നിപ്പിക്കുന്നുവെന്നത് സത്യമാണെന്ന് പറഞ്ഞായിരുന്നു സച്ചിന്റെ പോസ്റ്റ്.

സാക്കിര്‍ ഹുസൈനൊപ്പം താന്‍ ഒരു വേദിയില്‍ എത്തുന്നുവെന്ന് സച്ചിന്‍ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ നേരത്തെ അറിയിച്ചിരുന്നു. മികവിലേക്കുള്ള യാത്ര എന്ന വിഷയത്തിലെ സംവാദത്തിന്റെ ഭാഗമായിരുന്നു ജുഗല്‍ബന്ദി. എന്തായാലും ഇരുവരുടെയും പ്രകടനം സംഗീത ആസ്വാദകരുടെ മനം നിറച്ചിട്ടുണ്ടെന്നുറപ്പ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top