ചുവന്ന മുണ്ടുടുത്ത് ചെഗുവേര ചിത്രവുമേന്തി പ്രതിഷേധമൊരുക്കാന്‍ ഡിവൈഎഫ്‌ഐ

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: ചുവന്ന മുണ്ടുടുത്തവരെയും ചെഗുവേരയുടെ ചിത്രം പതിച്ച ഹെല്‍മറ്റ് വെച്ചവരെയും ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ചുവന്ന മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച്, ചെഗുവേര ചിത്രങ്ങളുമെടുത്താകും പ്രതിഷേധത്തില്‍ പ്രവര്‍ത്തകരെത്തുക. ഡിവൈഎഫ്‌ഐ ജില്ലാക്കമ്മിറ്റി പരിപാടിക്ക് ചുവന്ന പ്രതിഷേധമെന്നാണ് പേരിട്ടിരിക്കുന്നതും.

വെള്ളിയാഴ്ച കാഞ്ഞങ്ങാട് നഗരത്തിലാണ് പരിപാടി ഒരുക്കുന്നത്. ‘വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള ആര്‍എസ്എസ് ഭീകരതയെ പ്രതിരോധിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയാകും പരിപാടി സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ പരിപാടിയിലെത്തുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

അതേസമയം, സമരത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. മുണ്ടുകമ്പനികളുടെ പരസ്യത്തിന് വേണ്ടിയാണ് ചുവന്ന മുണ്ടുടുത്തുള്ള സമരം സിപിഐഎം സംഘടിപ്പിക്കുന്നത്. ഇതില്‍ സിപിഐഎം നേതാക്കള്‍ മുണ്ടുകമ്പനികളില്‍ നിന്ന് കമ്മീഷന്‍ പറ്റിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ആരോപിച്ചു. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നാട്ടില്‍ കലാപമുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമത്തെ സിപിഐഎം പ്രോത്സാഹിപ്പിക്കരുതെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. ഇനിയെങ്കിലും ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ യാഥാര്‍ത്ഥ്യം അന്വേഷിച്ച് മാത്രം സിപിഐഎം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ഒരു സംഭവമേ നടന്നിട്ടില്ലെന്നും പിന്നില്‍ ബിജെപിആര്‍ എസ് എസ് പ്രവര്‍ത്തകരില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് കാഞ്ഞങ്ങാട് പറക്കളായിയില്‍, സിനിമാപ്രവര്‍ത്തകരായ യുവാക്കള്‍ ആക്രമിക്കപ്പെട്ടത്. ചുവന്ന മുണ്ടുടുത്തതിനാല്‍ തങ്ങളെ ആര്‍എസ്എസ് സംഘം ആക്രമിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റവര്‍ ആരോപിച്ചിരുന്നു. ആശുപത്രിയിലെത്തിയും ഭീഷണി തുടര്‍ന്നുവെന്നും അതിനാല്‍ കാസര്‍ഗോഡ് ജില്ല വിടേണ്ടിവന്നുവെന്നുമായിരുന്നു ഇവരുടെ വാദം. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു ഇവര്‍ ചികിത്സ തേടിയത്. സിപിഐഎം വിഷയം രാഷ്ട്രീയ മുദ്രാവാക്യമാക്കി ഇതിനകം ഏറ്റടുത്തുകഴിഞ്ഞു. കണ്ണൂര്‍ നാറാത്ത് സ്വദേശികളായ ബൈക്ക് യാത്രക്കാരെ കാഞ്ഞങ്ങാട് കോട്ടപ്പാറയില്‍ വെച്ച് ചെഗുവേരയുടെ ചിത്രമുള്ള സ്റ്റിക്കര്‍ പതിച്ച ഹെല്‍മറ്റ് ധരിച്ചതിനാല്‍ മര്‍ദിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഹെല്‍മറ്റ് അടിച്ചുതകര്‍ത്തുവെന്നും ചെഗുവേരയുടെ ചിത്രമുള്ള ടവ്വല്‍ വലിച്ചുകീറിയെന്നും യുവാക്കള്‍ ആരോപിച്ചിരുന്നു. ഈ പ്രശ്‌നത്തോടുള്ള പ്രതികരണമായാണ് ഡിവൈഎഫ് ഐയുടെ പരിപാടി. പരിപാടിയും പുതിയ രാഷ്ട്രീയ തര്‍ക്കത്തിനാണ് വഴിവെച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top