‘എന്റെ സ്വപ്‌നവും ജീവിതവും നശിപ്പിച്ചു, ഞാന്‍ വിടവാങ്ങുന്നു’; ജിഷ്ണു പ്രണോയിയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തി

ഫയല്‍ ചിത്രം

തൃശൂര്‍: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടേതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തി. അന്വേഷണ സംഘമാണ് കുറിപ്പ് കണ്ടെത്തിയത്.

ഹോസ്റ്റലിന് സമീപത്തുള്ള ഓടയില്‍ നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത്. എന്റെ സ്വപ്‌നവും ജീവിതവും നശിപ്പിച്ചു. ഞാന്‍ വിടവാങ്ങുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. എന്റെ ജീവിതം പാഴായി എന്നും കുറിപ്പിലുണ്ട്. ലഭിച്ച കുറിപ്പ് ജിഷ്ണുവിന്റേതാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. കേസ് അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെയാണ് മാറ്റിയത്. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.

ഇരിങ്ങാലക്കുടെ എസിപി കിരണ്‍ നാരായണനാണ് പുതിയ ചുമതല. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനക്കേസില്‍ ബിജുവിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

ഇന്നലെയാണ് ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. തൃശൂര്‍ ഡിവൈഎസ്പി ബിജു കെ സ്റ്റീഫനായിരുന്നു അന്വേഷണ ചുമതല. റേഞ്ച് ഐജി എംആര്‍ അജിത് കുമാറിന്റേതായിരുന്നു ഉത്തരവ്‌.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top