കണ്ണൂര്‍ വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളെജ് ഹോസ്റ്റലില്‍ ചിരിച്ചതിന് പിഴ; ശിക്ഷ വിധിക്കുന്നത് ഇംഗ്ലീഷ് എഴുതാന്‍ പോലുമറിയാത്ത വാര്‍ഡന്‍

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളെജായ വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലില്‍ ചിരിക്കാന്‍ പാടില്ല. അഥവാ അറിയാതെ ഒന്ന് ചിരിച്ചു പോയാല്‍ പിഴയൊടുക്കുക എന്നതാണ് ശിക്ഷ. എന്നാല്‍ ഏറ്റവും രസകരമായ കാര്യം ഇംഗ്ലീഷ് ശരിയായി എഴുതാന്‍ പോലും അറിയാത്ത വാര്‍ഡനാണ് പിഴശിക്ഷ വിധിക്കുക എന്നതാണ്.

സംവിധായകനായ ആഷിഖ് അബുവാണ് ഒരു വിദ്യാര്‍ത്ഥി അയച്ചു കൊടുത്ത പിഴയുടെ രസീതിന്റെ ചിത്രം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ സുരക്ഷയെ കരുതി പേരും മുറിയുടെ നമ്പറും മറച്ചു വെച്ചാണ് ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. രസീതില്‍ പിഴയ്ക്കുള്ള കാരണമായി രേഖപ്പെടുത്തിയത് കണ്ടാല്‍ വീണ്ടും ചിരി വരും. ചിരിച്ചു എന്നതാണ് കാരണം. എന്നാല്‍ രസീതില്‍ രേഖപ്പെടുത്തിയത് Laughing എന്നതിന് പകരം Laffing എന്നാണ്.

ആഷിഖ് അബുവിന്റെ പോസ്റ്റ്:

‘വിമല്‍ ജ്യോതി ഹോസ്റ്റലില്‍ ചിരിച്ചതിന് ഫൈന്‍. Receipt ലെ Laughing Spelling കണ്ടാല്‍ Warden ന്റെ Standard മനസിലാകും.’ എന്ന് പറഞ്ഞു കൊണ്ടാണ് ഈ രസീത് അയച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ നിന്ന് മാത്രം വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ ഒരു വര്‍ഷത്തെ വരുമാനം 10 ലക്ഷം രൂപയാണെന്നും പറയുന്നു.

സമാനമായ മറ്റൊരു രശീതിയുടെ ചിത്രവും ഇതിന്റെ കൂടെ പ്രചരിക്കുന്നുണ്ട്. ഇതില്‍ പിഴ ശിക്ഷ നല്‍കിയതിന് കാരണം TV Kabel Canting എന്നാണ്. ഇതെന്താണ് സംഭവം എന്ന് മനസിലാകാതെ പകച്ച് നില്‍ക്കുകയായാണ് കണ്ടവരെല്ലാം. TV Cable Connecting എന്നായിരിക്കും ഉദ്ദേശിച്ചത് എന്നാണ് കമന്റുകള്‍. എന്നാല്‍ വിദ്യാര്‍ത്ഥി ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമല്ല.

കേരളത്തിലെ കോളേജുകളിലെ ഇത്തരം പ്രാകൃത സമ്പ്രദായങ്ങള്‍ കൂടുതലായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് സ്വാശ്രയ കോളേജുകളിലെ പീഡനങ്ങളുടെ കഥകള്‍ പുറത്ത് വരുന്നത്.

(laffing എന്ന വാക്കിന് ആർത്തുചിരിക്കുക എന്ന് അർത്ഥമുണ്ടെന്നും, അതാണ് വാർഡൻ രേഖപ്പെടുത്തിയതെന്നുമാണ് കോളേജ് ഇപ്പോൾ വിശദീകരിക്കുന്നത്)

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top