സഹാറ ബിര്‍ള ഡയറി: പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ഫയല്‍ ചിത്രം

ദില്ലി: സഹാറ -ബിർള ഡയറികളുടെയും, രേഖകളുടെയും അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ഉള്ളവർക്ക് എതിരെ കോടതി നിരീക്ഷണത്തിൽ ഉള്ള അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അന്വേഷണം ഉത്തരവിടാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മതിയായ തെളിവുകൾ ഇല്ലാതെ അന്വേഷണത്തിന് ഉത്തരവ് ഇട്ടാൽ ഗൂഢ ലക്ഷ്യം ഉള്ളവർ നിയമം ദൂരപയോഗം ചെയ്യും എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സഹാറ -ബിർള ഡയറികളുടെയും, രേഖകളുടെയും അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ഉള്ളവർക്ക് എതിരെ കോടതി നിരീക്ഷണത്തിൽ ഉള്ള അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ നൽകിയ ഹർജി ആണ് സുപ്രീം കോടതി തള്ളിയത്. പേന, പെൻഡ്രൈവ്, ഹാർഡ് ഡിസ്ക്, കമ്പ്യൂട്ടർ പ്രിന്റ് ഔട്ട്, തുടങ്ങി സഹാറ ബിർള കേസിൽ സമർപ്പിക്കപ്പെട്ട രേഖകൾ വിശ്വാസ യോഗ്യം അല്ലെന്നു ഇൻകം ടാക്സ് സൈറ്റ്ലേമെന്റ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി.

ജെയിൻ ഹവാല കേസിലെ സുപ്രീം കോടതി വിധി ഈ കേസിനും ബാധകം ആണ്. അതേസമയം പരാതി ലഭിച്ചാൽ അന്വേഷണത്തിന് ഉത്തരവിടണം എന്ന ലളിത കുമാരി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ഈ കേസിൽ ബാധകം അല്ല. അന്വേഷണം ഉത്തരവിടാൻ സ്വതന്ത്രവും വിശ്വാസായ യോഗ്യവും ആയ തെളിവുകൾ വേണം. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർക്ക് എതിരെ അന്വേഷണത്തിനു ഉത്തരാന് ഇടാൻ സമഗ്രം ആയ തെളിവുകൾ വേണം.

മതിയായ തെളിവുകൾ ഇല്ലാതെ അന്വേഷണത്തിന് ഉത്തരവ് ഇട്ടാൽ അത് തെറ്റായ കീഴ്വഴക്കങ്ങൾക്കു വഴി വയ്ക്കും എന്നും ഹർജി തള്ളി കൊണ്ട് ജസ്റ്റിസ് മാരായ അരുൺ മിശ്ര, അമിതാവ റായ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നാലു മണിക്കൂർ വാദത്തിനു ശേഷം ആണ് സുപ്രീം കോടതി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിയത്. അന്വേഷണം പ്രഖ്യാപിക്കുന്നതിനെ അറ്റോർണി ജനറൽ മുകുൾ റോത്തക്കി ശക്തമായി എതിർത്തു. കേവലം തുണ്ടു കടലാസ്സുകളിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടാൽ നാളെ രാഷ്ട്രപതിക്കും, സുപ്രീം കോടതി ജഡ്ജിമാർക്കും എതിരെയും അന്വേഷണത്തിന് ഉത്തരവ് ഇടേണ്ടി വരും എന്ന് അറ്റോർണി ചൂണ്ടിക്കാട്ടി.

നേരത്തെ ഹർജി പരിഗണിച്ചിരുന്നത് ജസ്റ്റിസ് ജെഎസ് കെഹാറിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ആയിരുന്നു. എന്നാൽ അന്വേഷണം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ തെളിവില്ലെന്ന് ജസ്റ്റിസ് ജെഎസ് കേഹാറിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു . ഇതേ തുടർന്ന് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച കൂടുതൽ രേഖകളടങ്ങുന്ന പുതിയ സത്യവാങ്മൂലം പരിഗണിച്ച ശേഷം ആണ് ഇന്ന് ജസ്റ്റിസ് മാരായ അരുൺ മിശ്ര, അമിതാവ റായ് എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top