മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതം, മറക്കരുത്; ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്കെതിരെ സദാചാര പൊലീസുകാരുടെ കമന്റ് ആക്രമണം

ഹൈദരാബാദ്: ഹിജാബ് ധരിക്കാത്ത ഭാര്യയുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ഓണ്‍ലൈന്‍ സദാചാരവാദികള്‍ വേട്ടയാടിയിരുന്നു. ആ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പേ ഇതാ അടുത്ത സംഭവവും കൂടി.

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയാണ് പുതിയ ഇര. സാനിയ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇസ്‌ലാമിക രീതിയിലുള്ള വസ്ത്രം ധരിക്കാത്തതെന്താണെന്നാണ് ഇത്തരക്കാര്‍ക്ക് സാനിയയോട് ചോദിക്കാനുള്ളത്.

ഇവിടുത്തെ ജീവിതം താല്‍ക്കാലികമാണ്. മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നത്. സാനിയ അത് മറക്കരുതെന്നൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍. ഇതിന് മുന്‍പും വസ്ത്രധാരണത്തിന്റെ പേരില്‍ സാനിയ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കോര്‍ട്ടില്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നുവെന്നായിരുന്നു പരാതി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സദാചാരവാദികള്‍ ഷമിക്കെതിരെ കമന്റാക്രമണം നടത്തിയത്. ഒരു മുസ്ലിമാണെന്ന കാര്യം ഷമിയും ഭാര്യയും മറക്കരുതെന്നും ഭാര്യ ഹിജാബ് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് ഷമിയാണെന്നും കമന്റുകള്‍ വന്നു. മിക്ക കമന്റുകളും ഷമിക്കുള്ള ഉപദേശമായിരുന്നു. ഭാര്യ ആചാരം തെറ്റിക്കുന്നില്ലെന്ന് ഷമി തന്നെയാണ് ഉറപ്പാക്കേണ്ടതെന്നും കമന്റുകള്‍ വന്നു.

എന്നാല്‍ ഇതിനെതിരെ ഷമി തന്നെ രംഗത്തെത്തിയിരുന്നു. മകളും ഭാര്യയും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് തനിക്ക് നല്ലതു പോലെ അറിയാമെന്നുമായിരുന്നു മുഹമ്മദ് ഷമിയുടെ മറുപടി. തങ്ങള്‍ എത്ര നന്നായാണ് പെരുമാറുന്നതെന്ന് വിമര്‍ശകര്‍ സ്വയം പരിശോധിക്കണമെന്നും ഷമി അഭിപ്രായപ്പെട്ടു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top