‘എന്റെ ഭര്‍ത്താവ് എവിടെ?,അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ല’; ജവാനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ

തേജ് ബഹദൂര്‍ ഭാര്യയോടൊപ്പം

ശ്രീനഗര്‍: അതിര്‍ത്തിയിലെ ജവാന്മാര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്ന ആരോപണം ഉന്നയിച്ച ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂറിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പറഞ്ഞ് ഭാര്യ രംഗത്ത്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഭാര്യ പറഞ്ഞു.

എല്ലാവര്‍ക്കും നമസ്‌കാരം. എനിക്ക് നിങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ എന്റെ ഭര്‍ത്താവിനെക്കുറിച്ച് ഒരു വിവരവും ഇല്ല. അദ്ദേഹം എവിടെയാണെന്നോ, അദ്ദേഹത്തിന്റെ സ്ഥിതി എന്താണെന്നോ ഞങ്ങള്‍ക്ക് അറിയില്ലെന്ന് ഭാര്യ പറഞ്ഞു.

തന്റെ ഭര്‍ത്താവ് എന്താണോ പറഞ്ഞത് അതൊക്കെ ശരിയായ കാര്യങ്ങളാണ്. ഭര്‍ത്താവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം അതിര്‍ത്തിയില്‍ ഉണ്ടാവില്ലെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.

ജവാന്മാര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്ന ആരോപണവുമായി തേജ് ബഹദൂര്‍ യാദവ് രംഗത്തെത്തിയിരുന്നു. പലപ്പോഴും കാവല്‍ നില്‍ക്കുന്നത് വിശപ്പ് സഹിച്ച് കാലിവയറോട് കൂടിയാണെന്നും, ലഭിക്കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നുമായിരുന്നു ജവാന്റെ ആരോപണം.

അതേസമയം തേജ് ഒരു മദ്യപാനിയും, അച്ചടക്കമില്ലാത്തവനും, കോര്‍ട്ട് മാര്‍ഷലിന് വിധേയനായ ആളുമൊക്കെയാണെന്നായിരുന്നു ബിഎസ്എഫ് നല്‍കിയ വിശദീകരണം. തേജ് ബഹാദൂറിനെ നിയന്ത്രണ രേഖയില്‍ നിന്നും പൂഞ്ചിലെ 29 ആം ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top