ചെഗുവേരയുടെ ചിത്രങ്ങള്‍ മാറ്റണമെന്ന് പ്രസംഗിച്ച ബിജെപി നേതാവിന് സഖാക്കളുടെ മറുപടി; എഎന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദി ചാണകം തളിച്ച് ശുദ്ധീകരിച്ചു

പേരാമ്പ്ര: ചെഗുവേര  ആക്രമണത്തിന് പ്രചോദനം നല്‍കുന്ന നേതാവായിരുന്നുവെന്നും അതുകൊണ്ട് കേരളത്തിലെ ഗ്രാമങ്ങളില്‍ അങ്ങോളമിങ്ങോളം ഡിവൈഎഫ്‌ഐ സ്ഥാപിച്ചിട്ടുള്ള  ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുകളയണമെന്നുള്ള എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ. എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയോടുള്ള പ്രതിഷേധ സൂചകമായി ഇന്നലെ അദ്ദേഹം പ്രസംഗിച്ച വേദി ഡിവൈഎഫ്‌ഐ ചാണകം തളിച്ച് ശുദ്ധീകരിച്ചു.

പേരാമ്പ്രയിലെ പ്രസംഗവേദിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകിടനമായെത്തി അടിച്ചുവാരി ചാണകം തളിച്ച് ശുദ്ധീകരിച്ചത്. ചാണകവും ചൂലുമായി എത്തിയ പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രവും കൈയിലേന്തിയിരുന്നു. ചെഗുവേരയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് 300ഓളം വരുന്ന പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കുചേര്‍ന്നത്.

സംവിധായകന്‍ കമലിന് തീവ്രവാദ ബന്ധമുണ്ടെന്നും അദ്ദേഹം പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു എഎന്‍ രാധാകൃഷ്ണന്റെ വിവാദ പ്രസ്താവന. എംടി വാസുദേവന്‍ നായരെ വിമര്‍ശിച്ച ചര്‍ച്ചകള്‍ അടങ്ങും മുന്‍പേയാണ് കമലിനെതിരേയും വിദ്വേഷ പരാമര്‍ശം നടത്തി എഎന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്.കേരളത്തിലെ ആക്രമണങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റിയാല്‍ മതിയെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പരമോന്നതമായ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമോ എന്ന് സംശയമുള്ളയാളാണ് കമല്‍. അദ്ദേഹത്തിനെ പോലെയുള്ളൊരാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കേണ്ട എന്നു തോന്നുന്നുണ്ടെങ്കില്‍ രാജ്യം വിട്ടു പോകണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു

ഇതിന് മുന്‍പ് എംടിയെ വിമര്‍ശിച്ചും രാധാകൃഷണന്‍ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും നരേന്ദ്ര മോദിയേയും വിമര്‍ശിക്കാന്‍ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. രാജ്യം മാറിയതൊന്നും എംടി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

നോട്ട് നിരോധന വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെയാണ് എംടി പ്രതികരിച്ചതെന്ന് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വീടിന് തൊട്ടടുത്ത് നടന്ന ടിപി വധത്തിനെതിരെ തൂലിക ചലിപ്പിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്ന എംടി ഇപ്പോള്‍ ആര്‍ക്കോ വേണ്ടി സംസാരിക്കുകയാണെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. സേതുവും മോഹനവര്‍മയും ആ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഉചിതമായിരുന്നു. എന്നാല്‍ എംടി കാര്യങ്ങള്‍ അറിയാതെ പ്രതികരിച്ചത് ശരിയായില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top