സൈനികര്‍ക്കുള്ള ഭക്ഷണ സാധനം മുതല്‍ ഇന്ധനം വരെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പകുതിവിലയ്ക്ക് മറിച്ച് വില്‍ക്കുന്നു; വെളിപ്പെടുത്തലുമായി ഗ്രാമവാസികള്‍

ഫയല്‍ ചിത്രം

ശ്രീനഗര്‍ : കശ്മീരിലെ സൈനിക വിഭാഗം ജവാന്‍മാര്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ പൊതുവിപണിയില്‍ മറിച്ചു വില്‍ക്കുന്നതായി പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍. പൊതുവിപണിയില്‍ ഇന്ധനവും,അരിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വിലകുറച്ച് വിറ്റ് ലാഭം നേടുകയാണെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പിനടുത്ത് താമസിക്കുന്ന ജനങ്ങളാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യ – പാകിസ്താന്‍  അതിര്‍ത്തിയില്‍ ബിഎസ്എഫ് 29 ബറ്റാലിയനിലെ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ്, രാജ്യത്തെ സൈനിക വിഭാഗങ്ങളെ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ല പലപ്പോഴും കാവല്‍ നില്‍ക്കുന്നത് വിശപ്പ് സഹിച്ച് കാലി വയറോടെ ആണെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ പറഞ്ഞിരുന്നത്.  യാദവിന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന വിവരങ്ങളാണ് ഗ്രാമവാസികള്‍ പങ്കുവയ്ക്കുന്നത്.

ഹംഹമയിലെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപമുള്ള ചെറുകിട വാണിജ്യക്കാര്‍ക്കും, ശ്രീനഗര്‍ വിമാനത്താവളത്തിനടുത്തുള്ള പ്രദേശവാസികള്‍ക്കുമാണ് ഇന്ധനം കുറഞ്ഞ വിലയില്‍ ലഭിക്കുന്നത്. ജവാന്‍മാര്‍ക്ക് ലഭിക്കേണ്ട പരിപ്പും, ഭക്ഷ്യവസ്തുക്കളും മറ്റ് ആളുകള്‍ക്ക് മറിച്ച് വില്‍ക്കുന്നത് വഴി ജവാന്‍മാരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും, പല മൊത്ത കച്ചവടക്കാരും ഭക്ഷ്യവസ്തുക്കള്‍ ഇവരില്‍ നിന്ന് നേരിട്ട് വാങ്ങുന്നുണ്ടെന്നും പേരു വെളിപ്പെടുത്താതെ ഒരു ജവാന്‍ പറഞ്ഞു. ഓഫീസിലേക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ കമ്മീഷന്‍ ഉള്‍ക്കൊള്ളിച്ചാണ് ഇവര്‍ ബില്ല് തയ്യാറാക്കുന്നതെന്ന് കരാറുകാരും സമ്മതിക്കുന്നു. ഇ – ടെന്‍ഡറിങ്ങ് സംവിധാനം നടപ്പാക്കാത്തത് അര്‍ദ്ധ സൈനിക രംഗത്തെ സുതാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

ജനങ്ങളില്‍ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്, സ്‌റ്റോറുകളില്‍ ലഭ്യമായതും വിറ്റു പോകുന്നതുമായ സാധനങ്ങളെ പറ്റി കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കും. ജവാന്റെ ജീവന് സേന വളരെ അധികം വില കല്‍പ്പിക്കുന്നുണ്ട്, അവര്‍ക്ക് ഗുണമേന്മയുള്ള ഭക്ഷണ വസ്തുക്കള്‍ ലഭ്യമാക്കുമെന്നും സിആര്‍പിഎഫ് ഐജി രവിദീപ് സിങ്ങ് പറഞ്ഞു.

യാദവിന്റെ ആരോപണങ്ങളെ സംബന്ധിച്ച് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top