ഇനി താന്‍ സിക്സ് അടിക്കുമോ? നായക വേഷം ഊരിയ ധോണിക്ക് നേരെ യുവ്രാജിന്റെ ഗൂഗ്ലി

യുവിയും ധോണിയും തമ്മില്‍ ഇപ്പോഴും പ്രശ്നമുണ്ടോ? ഈ ചോദ്യത്തിനെ ഒരു കലക്കന്‍ സിക്സറിന് പായിച്ചാണ് യുവ്രാജ് സിങ്ങ് മറുപടി നല്‍കിയിരിക്കുന്നത്.
ഇന്ത്യ എ- ഇംഗ്ലണ്ട് സന്നാഹ മത്സരത്തിന് ശേഷമുള്ള ഇന്ത്യന്‍ ക്യാമ്പിനെ കണ്ടാല്‍ നിങ്ങള്‍ ഒന്നു ഞെട്ടിയെന്ന് വരാം. നായക വേഷത്തില്‍ രാജ്യാന്തര കരിയറിലെ അവസാന മത്സരത്തിനിറങ്ങിയ ധോണിക്ക് കൂട്ടായെത്തിയത് വീണ്ടും പരാജയമായിരുന്നു. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്മാരില് ഒരാളായ ധോണിക്ക് മികച്ച വിജയം സമ്മാനിക്കാന്‍ ടിമിനും സാധിച്ചില്ല. ടീമിനെ പോലെ തന്നെ ആരാധകരുടെയും മനസില്‍ ഇത് ഒരു മുറിവായി കിടന്നേക്കാം. തല കുനിച്ചുള്ള മടക്കമായിരുന്നു വിധി മഹേന്ദ്രസിംഗ് ധോണിക്ക് കരുതി വെച്ചിരുന്നത്.

എന്നാല്‍ ഇതൊക്കെ മൈതാനത്തിലല്ലേ. ഇനി നേരെ ഡ്രസിംഗ് റൂമിലേക്ക് ചെല്ലുമ്പോള്‍ കഥയാകെ മാറി! ക്യാപ്റ്റന്‍ കൂളിന്റെ ഉത്തരവാദിത്വത്തില്‍ നിന്നം പഴയ ആ ഹെലികോപ്ടര്‍ ഷോട്ടിന്റെ ഉടമയെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ഇന്ത്യന്‍ സംഘം. കേട്ടാല്‍ ഒരല്പം അതിശയം തോന്നാം. എന്നാല്‍ യുവ് രാജ് സിംഗ് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച വീഡിയോ ദൃശ്യങ്ങള്‍ ഇത് വ്യക്തമാക്കുന്നു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രണ്ട് അഗ്രസീവ് ബാറ്റ്സ്മാന്മാര് ഒരുമിച്ചാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തോളോട് തോള് കൈയിട്ട് നില്ക്കുന്ന ധോണിയും യുവ് രാജും മാത്രം മതി ഇന്ത്യന്‍ ക്യാമ്പിന്റെ നിലവിലെ സാഹചര്യം മനസിലാക്കാന്‍. ക്യാപ്റ്റനായുള്ള ധോണിയുടെ കരിയറിനെ പ്രശംസിച്ച് യുവ് രാജ് സിംഗാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ‘3 പ്രമുഖ ജയങ്ങള്‍, അതില്‍ രണ്ട് ലോക കപ്പും’ – യുവ് രാജ് പറഞ്ഞു. നായകസ്ഥാനത്തില്‍ നിന്നും ഇറങ്ങിയ സ്ഥിതിക്ക് ഇനി ആ പഴയ ധോണിയെ പുറത്ത് വിടാമെന്ന് യുവ് രാജ് വ്യക്തമാക്കി.
കരിയറിലെ നേട്ടങ്ങള്‍ക്ക് ഒപ്പം താന്‍ എങ്ങനെയാണ് ക്രിക്കറ്റിനെ ആസ്വദിച്ചതെന്നും ധോണി യുവ് രാജിന് മറുപടി നല്‍കുന്നുണ്ട്. ധോണിക്ക് കീഴില്‍ വിജയങ്ങള്‍ കൊയ്തതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് യുവ് രാജ് വ്യക്തമാക്കുമ്പോള്‍, സ്റ്റുവര്‍ട്ട് ബ്രോഡിനെ സ്റ്റേഡിയത്തിന് പുറത്ത് ആറ് തവണ പായിച്ച യുവിയെ സാക്ഷ്യം വഹിച്ചതില്‍ തനിക്കും സന്തോഷമുണ്ടെന്ന് ധോണി പറയുന്നുണ്ട്.
ഇനി ധോണിയില്‍ നിന്നും കൂടുതല്‍ സിക്സറുകള്‍ പ്രതീക്ഷിക്കാമോ എന്ന യുവ് രാജിന്റെ ചോദ്യത്തിന്, സാഹചര്യത്തിന് ഒത്ത് എന്റെ മേഖലയിലേക്ക് ബോള്‍ കടക്കുന്ന പക്ഷം അതിനെ സിക്സറിന് പായിക്കുമെന്ന് ധോണി വ്യക്തമാക്കി. നേരത്തെ, സന്നാഹ മത്സരത്തില്‍ ഇന്ത്യ എ തോല്‍വി വഴങ്ങിയിരുന്നെങ്കിലും ക്യാപ്റ്റന്‍ ധോണിയും യുവ് രാജ് സിംഗും നടത്തിയ പ്രകടനം പഴയ പ്രതാപത്തിലേക്കുള്ള സൂചന നല്‍കിയിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക