special page

മുഹമ്മദ് അസ്ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നു

ഫയല്‍ ചിത്രം

ദില്ലി : മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. ഇതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി അദ്ദേഹം അറിയിച്ചു. ഈ മാസം 17 നാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുക.

നിലവിലെ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം ഹൈദരാബാദ് ടീം ഏറെ പിന്നോട്ടുപോയതായി അസ്ഹറുദ്ദീന്‍ പറഞ്ഞു. ഹൈദരാബാദ് ടീമിനെ വീണ്ടും മികവിലേയ്ക്ക് കൊണ്ടുവരികയാണ് തന്റെ പ്രധാന പരിഗണന. നിലവിലെ ഭരണസമിതിയുടെ അലംഭാവമാണ് ഹനുമ വിഹാരി, പ്രഗ്യാന്‍ ഓജ തുടങ്ങിയ മികച്ച താരങ്ങള്‍ മറ്റു ടീമുകളിലേക്ക് ചേക്കേറാന്‍ കാരണമെന്നും അസ്ഹര്‍ കുറ്റപ്പെടുത്തി.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന മുന്‍ ഇന്ത്യന്‍ താരം അര്‍ഷദ് അയൂബ് ലോധ സമിതി മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം രണ്ടിന് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേയ്ക്കാണ് അസ്ഹര്‍ മല്‍സരിക്കുന്നത്.

അതേസമയം ഒത്തുകളി പ്രശ്‌നത്തില്‍ വിലക്ക് നേരിട്ട അസ്ഹറിന് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കാനാകുമോ എന്ന് അര്‍ഷദ് അയൂബ് സംശയം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ലോധ സമിതിയ്ക്ക് അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് മുഹമ്മദ് അസ്ഹറുദ്ദീന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് സന്തുലിതമല്ലെന്ന് അഭിപ്രായപ്പെട്ട് ആന്ധ്രപ്രദേശ് ഹൈക്കോടതി 11 വര്‍ഷത്തിന് ശേഷം വിലക്കിന്റെ കാലയളവ് കുറച്ചിരുന്നു.

കൂടാതെ ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്ന അസ്ഹറുദ്ദീനുമായി ബിസിസിഐയുടെ ബന്ധത്തിലും മാറ്റങ്ങള്‍ വന്നിരുന്നു. അടുത്തിടെ ഇന്ത്യയുടെ 500 ആം ടെസ്റ്റില്‍, മുന്‍കാല നായകര്‍ക്കൊപ്പം അസ്ഹറുദ്ദീനെയും ബിസിസിഐ ആദരിച്ചിരുന്നു. നിലവില്‍ മൊറാദാബാദില്‍ നിന്നുള്ള ലോക്സഭാംഗമാണ് അസ്ഹറുദ്ദീന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top