ജിഷ്ണുവിന് നീതിക്കായി അണിനിരക്കാൻ രോഹിത്ത് വെമുലയുടെ ക്യാമ്പസും

ഹൈദ്രാബാദ്: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണം നടത്തി നീതി ഉറപ്പാക്കാനുള്ള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രോഹിത് വെമൂലയുടെ ക്യാംപസും. രോഹിത് വെമുലയുടെ മരണത്തിന് സമാനമായി,  അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ മരണത്തിലും നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ഹൈദ്രാബാദ് കേന്ദ്രസര്‍വ്വകലാശാല എസ്എഫ്‌ഐ യൂണിറ്റ് ആവശ്യപ്പെട്ടു.

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാജ്യത്തെ പല ക്യാപസുകളിലും ഇന്‍സ്റ്റിറ്റ്യൂഷണല്‍  കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നുവെന്നുമുള്ളതിന്റെ തെളിവുകളാണ് അടുത്തായി നെഹ്‌റു കോളേജില്‍ നിന്നും പുറത്തുവന്ന വാര്‍ത്തയെന്നും എസ്എഫ്‌ഐ യൂണിറ്റ് അഭിപ്രായപ്പെടുന്നു.

സ്വകാര്യ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളോടുള്ള സമീപനം ഏത് തരത്തിലാണെന്നുള്ളതാണ് ഈ ഉദാഹരണങ്ങളിലൂടെ വ്യക്തമാവുന്നത്. ജിഷ്ണുവിന്റെ മരണത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലേക്കെത്തിക്കാനു ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണം, സ്വകാര്യ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇത്തരം വിദ്യാര്‍ത്ഥി വിരുദ്ധ പ്രവണതകളെ സമയബന്ധിതമായി തടയാനും നടപടി സ്വീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെങ്കില്‍ സമാനമായ അനുഭവങ്ങള്‍ വരുംകാലങ്ങളിലേക്കും ആവര്‍ത്തിച്ചേക്കാം എന്ന മുന്നറിയിപ്പും രോഹിത് വെമുലയുടെ ക്യാപസിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top