സഹാറ-ബിർള കേസ്; വാദം കേള്‍ക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ പിന്മാറി

ദില്ലി: സഹാറ -ബിർള രേഖകളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ പിന്മാറി. ചീഫ് ജസ്റ്റിസ് പിന്മാറിയതിനെ തുടർന്ന് ജസ്റ്റിസ് മാരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവർ അടങ്ങുന്ന ബെഞ്ച് സഹാറ -ബിർള രേഖകളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കും.

കമ്പനികളിൽ നിന്ന് കോഴവാങ്ങിയെന്ന് രേഖകളിൽ പരാമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷനാണ് ഹർജി നൽകിയത് . നേരത്തെ ഹർജി പരിഗണിച്ചപ്പോൾ അന്വേഷണം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ തെളിവില്ലെന്ന് ജസ്റ്റിസ് ജെഎസ് കേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞിരുന്നു . ഇതേ തുടർന്ന് ഭൂഷൺ സമർപ്പിച്ച കൂടുതൽ രേഖകളടങ്ങുന്ന പുതിയ സത്യവാങ്മൂലം ഇന്ന് കോടതിയുടെ പരിഗണനയ്‌ക്കെത്തും . സഹാറ രേഖകളിൽ അന്വേഷണം വേണമെന്ന് ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി എപി ഷായും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കൈപ്പറ്റിയെന്ന സഹാറാ ഡയറിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.  മോദി അടക്കം നിരവധി രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ കണ്ടെത്തിയ ഡയറിയില്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയോട് ആവശ്യപ്പെടും.

വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് നേരത്തെ സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു.കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിട്ടുണ്ട്. മോദിയെക്കൂടാതെ മുന്‍ ദില്ലി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതിന്റെ പേരും സഹാറ ബിര്‍ള ഡയറിയിലുള്ളതായി വ്യക്തമായിരുന്നു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top