വിജയ നായകന് തോല്‍വിയോടെ മടക്കം; സന്നാഹ മത്സരത്തില്‍ ഇന്ത്യ എയ്ക്കെതിരെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് വിജയം

ധോണി മത്സരത്തിനിടെ

മുംബൈ: ഇന്ത്യ എയ്‌ക്കെതിരായ ആദ്യ സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ട് ഇലവന് വിജയം. മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

നായകനായി അവസാന മത്സരത്തിനിറങ്ങിയെ മഹേന്ദ്ര സിംഗ് ധോണിക്ക് തന്റെ ടീമിനെ വിജയത്തിലെത്തിക്കാനയില്ല. 305 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും അലെക്‌സ് ഹെയ്ല്‍സും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 40 റണ്‍സെടുത്ത ഹെയ്ല്‍സാണ് ആദ്യം പുറത്തായത്. റോയ് 62 റണ്‍സ് നേടി.

മൂന്നാമനായി ക്രീസിലെത്തിയ സാം ബില്ലിംഗ്‌സാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ബില്ലിംഗ്‌സ് 93 റണ്‍സെടുത്ത് പുറത്തായി. 85 പന്തുകളില്‍ 8 ഫോറുകളടങ്ങിയ മനോഹര ഇന്നിംഗ്‌സായിരുന്നും ബില്ലിംഗ്‌സിന്റേത്. ബില്ലിംഗ്‌സിനെ പാണ്ഡ്യ പുറത്താക്കിയെങ്കിലും വിക്കറ്റ് കീപ്പര്‍ ജോസ് ബട്ടലറും ഡോസണും ഇംഗ്ലണ്ടിനെ വിജയ തീരത്തടുപ്പിച്ചു. ബട്ട്‌ലര്‍ 46ഉം ഡോസണ്‍ 41ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ അമ്പാട്ടി റായിഡുവിന്റെ സെഞ്ച്വറിയുടെയും, യുവരാജ്, ധോണി, ശിഖര്‍ ധവാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. റായിഡു 100 റണ്‍സെടുത്തു. 40 പന്തുകളില്‍ നിന്നാണ് ധോണി 68 റണ്‍സ് നേടിയത്. 8 ഫോറുകളും 2 സിക്‌സുകളും അടങ്ങിയ വെടിക്കെട്ട് ഇന്നിംഗ്‌സായിരുന്നു നായകന്റേത്. ഏറെക്കാലത്തിന് ശേഷം ടീമിലെത്തിയ യുവരാജ് 56 ററണ്‍സെടുത്ത് പുറത്തായി.

നായകനായി ധോണിയുടെ അവസാന മത്സരമായിരുന്നു ഇന്നത്തേത്. അടുത്ത സന്നാഹ മത്സരത്തില്‍ അജിങ്ക്യ രഹാനയായിരിക്കും ടീമിനെ നയിക്കുക. ഇംഗ്ലണ്ടിനെതിരായ ഏകദിന,ട്വന്റി20 ടീമിനെ വിരാട് കോഹ്ലി നയിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top