‘കിങ്ങിണികുട്ടനിൽ നിന്നും കോപ്പിയടികുട്ടനിലേക്ക് മാറി എന്നതാണ് കെ മുരളീധരന്റെ രാഷ്ട്രീയ വളർച്ച’; ഫെയ്സ്ബുക്ക് പോസ്റ്റ് കോപ്പിയടിച്ച മുരളീധരനെ പരിഹസിച്ച് എഎന്‍ രാധാകൃഷ്ണന്‍

കെ മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ പരിഹസിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. കിങ്ങിണിക്കുട്ടനില്‍ നിന്നും കോപ്പിയടിക്കുട്ടനിലേക്ക് മാറി എന്നതാണ് കെ മുരളീധരന്റെ രാഷ്ട്രീയ വളര്‍ച്ചയെന്ന് രാധാകൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കമലിനെതിരെയുള്ള രാധാകൃഷണന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

നേരത്തെ കമലിനെതിരെ വിവാദ പ്രസ്ഥാവന നടത്തിയ രാധാകൃഷ്ണനെ വിമര്‍ശിച്ച് കെ മുരളീധരന്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് മോഷ്ടിക്കപ്പെട്ടതാണെന്ന് തെളിഞ്ഞിരുന്നു. നസറുദ്ദീന്‍ മണ്ണാര്‍ക്കാട് എന്ന പ്രൊഫൈലില്‍ നേരത്തെ പോസ്റ്റ് ചെയ്ത കുറിപ്പാണ് കെ മുരളീധരന്‍ അദ്ദേഹത്തിന്റേതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. കടപ്പാട് പോലും വയ്ക്കാതെ നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ പോസ്റ്റ് അതേപടി കോപ്പി ചെയ്തതിന്റെ പേരില്‍ മുരളീധരനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നസറുദ്ദീന്‍ മണ്ണാര്‍ക്കാട് 2015 നവംബറില്‍ പ്രസിദ്ധീകരിച്ച പോസ്റ്റാണ് മുരളീധരന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിട്ടു പോകണമെന്നുമുള്ള എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായാണ് കെ മുരളീധരന്റെ പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. രാജ്യത്തെ പൗരന്മാരോട് ഇന്ത്യ വിട്ടു പോകണമെന്നും പറയാന്‍ സംഘികള്‍ക്ക് എന്ത് അവകാശമാണുള്ളതെന്ന് ചോദ്യം ഉന്നയിച്ചു കൊണ്ടുളള പോസ്റ്റില്‍ ബിജെപിക്കെതിരെ വലിയ പരിഹാസമാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റ് തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് നസറുദ്ദീന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. റൈറ്റ് തിങ്കേര്‍സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ താന്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് കഴിഞ്ഞ ദിവസം മുരളീധരന്റേതായി പുറത്തുവന്നിരിക്കുന്നതെന്ന് നസറുദ്ദീന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏതായാലും ഒരു കോൺഗ്രസുകാരൻ ഒരു സംഘ് പരിവാറുകാരനോട് പറയാൻ ആഗ്രഹിച്ച വാക്കുകൾ ആയതിനാലാവും കെ.മുരളീധരൻ തന്റെ പോസ്റ്റ് അതേപടി പോസ്റ്റ് ചെയ്തത്. അതിൽ അഭിമാനിക്കുന്നു. ഞാനെന്ന വ്യക്തിയുടെ പേരിൽ ഈ പ്രസ്താവന അറിയപ്പെടുന്നതിനേക്കാൾ നല്ലത് ഒരു കോൺഗ്രസ്സ് നേതാവിന്റെ പേരിൽ അതറിയപ്പെടുന്നതാണ്. അതിന്റെ പ്രഹര ശേഷി കൂടുന്നത് അപ്പോഴാണ്. കടപ്പാട് ഇല്ലെങ്കിലും വേണ്ട. ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാതിരുന്നാൽ മതിയെന്ന് നസറുദ്ദീന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കെ മുരളീധരനെയും എന്നെയും ചേർത്ത് കൂടോത്രം ചെയ്തതാരാണ്.? ഈ പഴയ പോസ്റ്റും അദ്ദേഹത്തിന്റെ പേജിൽ ഇട്ടിട്ടുണ്ട്. സാരമില്ല. നൂറുകണക്കിന് പേര് കണ്ട പോസ്റ്റ് 20000 പേരിലേക്ക് എത്തിച്ച ശ്രി. മുരളീധരന് നന്ദിയെന്നും അദ്ദേഹം കുറിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top