‘മഞ്ഞു കാലമെത്തി, പെന്‍ഗ്വിനുകളെ കണ്ട് പഠിക്കൂ’ ജര്‍മനിയിലെ ജനങ്ങളോട് ഡോക്ടര്‍മാര്‍

ഡോക്ടര്‍മാര്‍ പുറത്തുവിട്ടിട്ട ചിത്രം

ജര്‍മനി: മഞ്ഞ് കൊടുമ്പിരി കൊള്ളുന്നതിനു മുന്‍പെ ജര്‍മനിയിലെ ജനങ്ങളോട് ഡോക്ടര്‍മാര്‍ പറയുന്നത് പെന്‍ഗ്വിനുകളെ കണ്ട് പഠിക്കാനാണ്. പെന്‍ഗ്വിനുകള്‍ നടക്കുന്നതുപോലെ നടക്കുക. മഞ്ഞിലൂടെ നടന്ന് പരുക്ക് പറ്റാതിരിക്കാന്‍ ഇതനുസരിച്ചേ പറ്റൂ. കഴിഞ്ഞ വര്‍ഷം മഞ്ഞില്‍ തെന്നിവീണ് നടുവൊടിഞ്ഞവരുടെ എണ്ണം വളരെ ക്കൂടുതലായിരുന്നു.

പെന്‍ഗ്വിനുകള്‍ നടക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ ഒരു ചിത്രവും ഡോക്ടര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. പിന്നോട്ടാഞ്ഞു നടക്കാതെ മുന്നോട്ടാഞ്ഞ് നടക്കണം. കാല്‍ നീട്ടിവയ്ക്കാതെ ചെറിയ അടിവച്ച് നീങ്ങണം. കാല്‍ നിലത്തിന് ലംബമായി വയ്ക്കണം. നടക്കുമ്പോള്‍ കൈകള്‍ അല്‍പം അകത്തി വയ്ക്കണം, കാല്‍പ്പാദങ്ങള്‍ നേരെ മുന്നിലേക്ക് ചൂണ്ടാതെ ഒരല്‍പം വിടര്‍ത്തുക. അങ്ങനെ നീളുന്നു നിര്‍ദ്ദേശങ്ങള്‍. പെന്‍ഗ്വിന്റെ നടപ്പ് മനുഷ്യന്റെ നടപ്പുമായി വ്യത്യാസപ്പെടുന്നത് പ്രധാനമായും ശരീരത്തിന്റെ മുന്നോട്ടായലിലും കാലടികളുടെ ദൈര്‍ഘ്യത്തിലുമാണ്. മനുഷ്യന്‍ നടക്കുമ്പോള്‍ രണ്ടുകാലും നിലത്ത് സ്പര്‍ശിക്കുന്ന ഒരു നിമിഷം ഉണ്ടാവും. അങ്ങനെ കാലുകള്‍ അകത്തുന്ന നിമിഷം തെന്നി പിന്നിലേക്ക് തലയടിച്ച് വീഴാന്‍ സാധ്യത കൂടുതലാണ്. അതൊഴിവാക്കാനാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുന്നത്.

പക്ഷി വര്‍ഗത്തില്‍പ്പെടുന്ന ജീവികളാണ് പെന്‍ഗ്വിനുകള്‍. ഐസ് മൂടിയ സ്ഥലങ്ങളില്‍ കൂട്ടത്തോടെ കഴിയുന്ന ഇവ പാതി കരയിലും പാതി കടലിലുമായാണ് സമയം കഴിക്കുന്നത്. ധ്രുവ പ്രദേശങ്ങളില്‍ വളരെ വൈദഗ്ദ്ധ്യത്തോടെ ജീവിക്കുന്ന ഇവ മനുഷ്യന് എന്നും കൗതുകമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top