ജയലളിതയുടെ ജീവചരിത്രം പറയുവാന്‍ ഐശ്വര്യ റായ് വെള്ളിത്തിരയിലെത്തുമോ?

ജയലളിത

മുംബൈ : ജയലളിത അന്തരിച്ച് ഒരുമാസം പിന്നിടുമ്പോഴും ജനങ്ങളുടെ മനസ്സില്‍ ഇന്നും അവര്‍ ജീവിക്കുന്നതിന് തെളിവാണ് അവരെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്തി ജയലളിതയുമായി സിമി ഗാറിവാള്‍ മുന്‍കാലത്ത് നടത്തിയ അഭിമുഖമാണ്.

ഒരു സിനിമാതാരം എന്ന നിലയില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കുള്ള മാറ്റം വളരെ വേഗമായിരുന്നു എന്ന് ജയലളിത പറയുന്നു. ഭാവിയില്‍ തന്റെ ജീവിതം സിനിമയാകുമ്പോള്‍ ആരാണ് ആ കഥാപാത്രം ചെയ്യേണ്ടത് എന്ന ചോദ്യത്തോട് വളരെ കൗതുകത്തോടെയാണ് അവര്‍ മറുപടി പറയുന്നത്. ആദ്യം എലിസബത്ത് ടെയ്‌ലര്‍ തന്റെ വേഷം ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്, എന്നാല്‍ ഞാന്‍ തിരിച്ചറിഞ്ഞു ഐശ്വര്യ റോയ് എന്റെ ചെറുപ്പകാലം ചെയ്യുവാന്‍ അനുയോജ്യ ആണെന്ന്. ഐശ്വര്യയെ കാണുമ്പോള്‍ എന്നെ കാണുന്നതു പോലാണ് തോന്നുന്നതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എനിക്ക് ഭാവിയില്‍ ഉണ്ടാകാവുന്നതും, ഇപ്പോള്‍ ഉള്ളതുമായ മാറ്റങ്ങള്‍ ഐശ്വര്യ എങ്ങനെ ചെയ്ത് പ്രതിഫലിപ്പിക്കുമെന്ന് അറിയില്ല, ഐശ്വര്യയെ സംബന്ധിച്ച് അത് ഒരു വെല്ലുവിളി തന്നെ ആയിരിക്കുമെന്ന് പറഞ്ഞാണ് അഭിമുഖം അവസാനിക്കുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത് എംജിയാറിന്റെ കഥ പറഞ്ഞ ”ഇരുവര്‍” എന്ന ചിത്രത്തില്‍ ജയയായി എത്തിയതും ഐശ്വര്യ തന്നെയായിരുന്നു. ഇതാകാം തലൈവിയെ ഇങ്ങനെ ഒരു തീരുമാനം കൈക്കോള്ളുവാന്‍ പ്രേരിപ്പിച്ചത്. ഭാവിയില്‍ ”അമ്മ” എന്ന പേരില്‍ മണിരത്‌നം തന്നെ ആ ഐതിഹാസിക ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുമെന്നാണ് ജയ ആരാധകരുടെ പ്രതീക്ഷ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top