special page

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; റിപ്പോര്‍ട്ട് അടിന്തരമായി സമര്‍പ്പിക്കാന്‍ തൃശ്ശൂര്‍ എസ് പിക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം കെ മോഹൻകുമാറാണ് തൃശൂർ എസ് പിക്കും സാങ്കേതിക സർവകലാശാല രജിസ്ട്രാർക്കും കോളേജ് പ്രിൻസിപ്പലിനും നോട്ടീസയച്ചത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.

എഎസ് ഹഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജിഷ്ണുവിന്റെ ആത്മഹത്യാ സംഭവത്തില്‍ ഇടപെടല്‍ നടത്തയിരിക്കുന്നത്. തൃശ്ശൂര്‍ എസ്പിയോടാണ് അടിയന്തരമായി കേസ് അന്വേഷിക്കാനും രണ്ടാഴ്ചക്ക് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു, ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍ ആദ്യം മുതല്‍ക്കെ രംഗത്തെത്തിയിരുന്നു. പരീക്ഷക്ക് കോപ്പിയടിച്ചെന്ന വ്യാജ പ്രചരണം നടത്തി പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിച്ചെന്ന് മരിച്ച ജിഷ്ണു പ്രണോയുടെ ബന്ധുക്കള്‍ ആരോപിച്ചു.

നേരത്തെ, ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കൈമാറിയിരുന്നു. മൂക്കില്‍ പരുക്കേറ്റ പാട് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജിഷ്ണുവിന്റേത് തൂങ്ങി മരണം തന്നെയാണെന്നും സ്ഥിരീകരണമുണ്ടായി. മൃതദേഹ പരിശോധനയില്‍ മൂക്കിന് പരുക്കേറ്റിട്ടുണ്ട് എന്ന് വ്യക്തമാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ജിഷ്ണുവിന് മര്‍ദ്ദനമേറ്റു എന്ന് സഹപാഠികളും ബന്ധുക്കളും ആരോപിച്ചിരുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ക്ഷതങ്ങള്‍ ഇല്ല.

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മൂക്കിലെ പരുക്ക് ഗൗരവമായാണ് പൊലീസ് കാണുന്നത്. ജിഷ്ണുവിന്റെ സഹപാഠികള്‍, ആശുപത്രിയിലെത്തിയവര്‍, അധ്യാപകര്‍, കോളേജ് അധ്യാപകര്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കമുണ്ട്. അതേ സമയം സാങ്കേതിക സര്‍വ്വകലാശാല സംഘവും യുവജനകമ്മീഷനും ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.

വെള്ളിയാഴ്ച്ച വൈകിട്ടാണ് പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി കോഴിക്കോട് വടകര സ്വദേശി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ ബാത്ത് റൂമിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ അടുത്തിരുന്ന വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ നോക്കിയെഴുതി എന്നാരോപിച്ച് ജിഷ്ണുവിനെ അധ്യാപകര്‍ ശാസിച്ചെന്നും മാനേജ്‌മെന്റിന്റെ മാനസികമായ പീഡനമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ നേതൃത്വത്തില്‍ ഇന്നലെ കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതേ സമയം പരീക്ഷയില്‍ നോക്കിയെഴുതിയതിന് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്‌തെതെന്നും, ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top