special page

‘ഇവിടെ നെഹ്റു അപമാനിക്കപ്പെടുന്നത് ഇത് കൊണ്ടൊക്കെയാണ് സാര്‍’! നെഹ്റു കോളേജിലെ ‘ആടുജീവിത’ത്തെക്കുറിച്ച് പൂർവ്വ വിദ്യാർത്ഥി വിനീത് രാജൻ എഴുതുന്നു

നെഹ്റു കോളേജിലെ പീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴൊന്നും തന്നെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ അതൊന്നും എന്നെ ഏറെ അത്ഭുതപ്പെടുത്തുകയോ അമ്പരപ്പിക്കുകയോ ചെയ്തിട്ടില്ല. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കോളേജിന് അല്ലെങ്കില്‍ ആ ഗ്രൂപ്പ് ഓഫ് കോളേജുകള്‍ക്ക് യാതൊരു തരത്തിലുള്ള മാറ്റവും സംഭവിച്ചില്ലല്ലോ എന്നത് മാത്രമാണ് എന്നെ അമ്പരപ്പിച്ച ഒരേ ഒരു കാര്യം. സമൂഹത്തില്‍ അത്രമാത്രം പരിവര്‍ത്തനങ്ങള്‍ ഈ ഇടക്കാലത്തിനകത്ത് സംഭവിച്ചിട്ടുണ്ട്. സമരങ്ങള്‍ക്ക്, പ്രതിഷേധങ്ങള്‍ക്ക് എന്തിനേറെ പ്രതികരണങ്ങള്‍ക്ക് വരെ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും ആ കോളേജിനകത്ത് ഇതിന്റെ അനുരണനങ്ങള്‍ പോലും സാധ്യമാവാത്ത വിധം കാമ്പസിനെ അരാഷ്ട്രീയമാക്കാന്‍ മാനേജ്മെന്റിന് സാധിക്കുന്നു എന്നിടത്താണ് അവരുടെ വിജയം നിലകൊണ്ടുപോന്നത്.

പ്രൈം ടൈമിലെ പരസ്യപ്രക്ഷേപണത്താല്‍ എന്‍ ആര്‍ ഐ സീറ്റുകളുടെ കച്ചവടം പൊടിപൊടിക്കുന്ന കാലഘട്ടത്തില്‍ നെഹ്റു ഗ്രൂപ്പ് ഓഫ് കോളേജസിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഉള്‍ക്കൊള്ളുന്ന കോയമ്പത്തൂരിലെ ക്യാമ്പസില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിങ്ങ് എന്ന അവരുടെ ‘പൊന്മുട്ടയിടുന്ന താറാവാ’യ കോഴ്സ് പഠിച്ചിറങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് ഞാന്‍. അക്കാലത്തെ പരസ്യങ്ങള്‍ ശ്രദ്ധിച്ചിരുന്നവര്‍ക്ക് ഓര്‍മ്മ കാണണം, ദിവസേന പത്രങ്ങളില്‍ വന്നിരുന്ന അവരുടെ പരസ്യങ്ങള്‍. ആറക്ക ശമ്പളം, നൂറ് ശതമാനം പ്ലേസ്മെന്റ് എന്ന തലക്കെട്ടോടെയായിരുന്നു എല്ലാ മലയാളം-ഇംഗ്ലീഷ് പത്രങ്ങളിലും, ചാനലുകളിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എ.എം.ഇ എന്ന ഈ കോഴ്സിന് മാത്രമായി അവര്‍ പ്രത്യേകം പരസ്യങ്ങളാണ് നല്‍കിയിരുന്നത്. അത് വിശ്വസിച്ച് ആ കോളേജില്‍ പ്രവേശനം നേടിയവരില്‍ എത്ര പേര്‍ക്ക് കോളേജ് പ്ലേസ്മെന്റ് നല്‍കിയിട്ടുണ്ട് എന്ന് അന്വേഷിച്ചാല്‍ മാത്രം മതി ആ കോളേജിന്റെ വിശ്വാസ്യത എത്രയുണ്ടെന്ന് മനസിലാക്കാനാവും.

നേരത്തെ പറഞ്ഞല്ലൊ, ഞങ്ങളുടെ ക്യാമ്പസിനകത്താണ് നെഹ്റു ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് നിലകൊണ്ടിരുന്നത് എന്ന്. അതുകൊണ്ട് തന്നെ അഡ്മിഷന്‍ കാലത്ത് പുറത്ത് നിന്ന് അന്വേഷണങ്ങള്‍ക്ക് വരുന്ന രക്ഷിതാക്കളോടോ, വിദ്യാര്‍ത്ഥികളോടോ ആശയവിനിമയം പാടില്ലെന്ന കര്‍ശനനിര്‍ദ്ദേശം അക്കാലത്ത് കോളേജില്‍ സര്‍ക്കുലറായി തന്നെ ഉണ്ടായിരുന്നു. കാരണം, ഒരു വിദ്യാര്‍ത്ഥി പോലും മറ്റൊരാളെയും ആ കോളേജിലേക്ക് സ്വാഗതം ചെയ്യില്ല എന്നത് മാത്രമായിരുന്നു. സെക്യൂരിറ്റി സ്റ്റാഫുകളുടെയും, അദ്ധ്യാപക-അനദ്ധ്യാപകരുടെയും കണ്ണില്‍ പെടാതെ എന്നിട്ടും പലരും പുറത്ത് നിന്ന് വരുന്നവര്‍ക്ക് കോളേജിലെ യാഥാര്‍ത്ഥ്യമെന്താണെന്ന അറിയിപ്പുകള്‍ കൈമാറി. അന്ന് അവര്‍ അതിനെ നേരിട്ടത് വെയിറ്റിങ്ങ് ഏരിയയ്ക്ക് സമീപങ്ങളിലെല്ലാം ക്യാമറക്കണ്ണുകളുടെ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു.

കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ പോവേണ്ടതയി വരും. അപ്പോഴെല്ലാം അവര്‍ക്ക് ഈ വെയിറ്റിങ്ങ് ഏരിയയില്‍ തന്നെയാണ് തങ്ങളുടെ ഊഴമാവുന്നത് വരെ കാത്ത് നില്‍ക്കേണ്ടി വരുന്നതും. ആ സമയം സ്വാഭാവികമായി അവിടെ അന്വേഷണങ്ങള്‍ക്കായി വന്ന ഏതെങ്കിലും രക്ഷിതാക്കള്‍ കോളേജിനെ കുറിച്ചോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു വിഷയത്തെ കുറിച്ചോ ഇവരോട് ചോദിക്കും. ആ ചോദിച്ച വ്യക്തി പിന്നീട് അഡ്മിഷനില്‍ നിന്ന് പിന്മാറി എങ്കില്‍ പിന്നീട് മാനസികമായി പീഡനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വരുന്നത് അവരുമായി സംസാരിച്ചവര്‍ ആരാണോ അവരായിരിക്കും.

സംവിധായകനായ ആഷിഖ് അബു ഫേസ്ബുക്കില്‍ ഒരു ചിത്രം ഷെയര്‍ ചെയ്തിരുന്നു. നെഹ്റു കോളേജിലെ അദ്ധ്യാപകനായ ‘വട്ടോളി’ ഒരു വിദ്യാര്‍ത്ഥിയെ വടിയുപയോഗിച്ച് മര്‍ദ്ദിക്കുന്നത്. ഞങ്ങളുടെ ഓര്‍മ്മയില്‍ ആ വട്ടോളി എന്ന അദ്ധ്യാപകന്റെ പോസ്റ്റ് ഫിസിക്കല്‍ ഇന്‍സ്ട്രക്റ്ററായിരുന്നു. എന്നാല്‍ അന്നുവരെ ഏതെങ്കിലും കായിക ഇനത്തില്‍ ഒരു ടീം പോലും കോളേജിനായി പ്രാക്ടീസ് ചെയ്തതായി കണ്ടിട്ടില്ല. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ മുന്‍ കൈ എടുത്ത് ചെന്നാല്‍ തന്നെ അതിനെ തള്ളിപ്പറയുകയും, അധിക്ഷേപിക്കുകയും ചെയ്യുന്നതായിരുന്നു മാനേജ്മെന്റിന്റെ രീതി. ആ ക്യാമ്പസുകളിലാണ് ഫിസിക്കല്‍ ഇന്‍സ്ട്രകറ്ററായി ‘വട്ടോളി’ എന്ന അദ്ധ്യാപകന്റെ സേവനം.

വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി അച്ചടക്കം പഠിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലി. പൊതുപരിപാടിക്കിടയില്‍ മൈക്ക് സ്റ്റാന്റുപയോഗിച്ച് വിദ്യാര്‍ത്ഥികളെ പരസ്യമായി തല്ലിയ ചരിത്രം വരെ അദേഹത്തിനുള്ളതുകൊണ്ട് തന്നെ ആ വടിയുപയോഗിച്ചുള്ള നില്‍പ്പൊന്നും നെഹ്റുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാനിടയില്ല. അതുപോലെ സംഘടിച്ച് നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ നേരിടാന്‍ ഒരു ലോക്കല്‍ ഗുണ്ടാ സംഘം വരെ അവര്‍ക്കുണ്ടായിരുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ആ ഭീകരമര്‍ദ്ദനങ്ങള്‍ പലപ്പോഴും ക്യാമ്പസിന് വെളിയില്‍ വരാറേയില്ല. കോളേജിനകത്തും, പുറത്തും ഇവര്‍ക്ക് വേണ്ട ചാരവൃത്തികളില്‍ ഏര്‍പ്പെടുന്ന ധാരാളം ആളുകളുണ്ട്. ഓരോ വിഷയത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥിയെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചുകൊണ്ടേയിരിക്കും. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ അവര്‍ക്ക് എന്ത് ശിക്ഷാ നടപടികളാണ് നല്‍കേണ്ടത് എന്ന് തീരുമാനിക്കുന്നത്.

ഒരു കലാലയത്തിനകത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുക സാധാരണമാണ്. എന്നാല്‍ ആ സംഘര്‍ഷത്തെ കോളേജ് അധികൃതര്‍ നേരിടുന്നത് പോലീസിനെ ഉപയോഗിച്ചോ മറ്റ് നീതിന്യായവ്യവസ്ഥകളെ ഉപയോഗിച്ചോ അല്ലായിരുന്നു. മറിച്ച് തങ്ങളുടെ തന്നെ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ താമസസ്ഥലങ്ങളില്‍ ചെന്ന് അവരെ മര്‍ദ്ദിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ വാര്‍ത്തകളൊന്നും തന്നെ നിങ്ങള്‍ക്ക് മാധ്യമങ്ങളില്‍ കാണാനാവില്ല. ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതികള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടാവില്ല. അന്ന് അതിന്റെ കാരണങ്ങള്‍ക്കായി ഞങ്ങള്‍ക്ക് അധികമൊന്നും അന്വേഷിക്കേണ്ടി വന്നിട്ടില്ലായിരുന്നു. നെഹ്റു ഗ്രൂപ്പിന്റെ മുദ്രയുള്ള ടിവിയും, മറ്റും പോലീസ് സ്റ്റേഷനുകളിലിരിക്കുന്നിടത്തോളം കാലം ആ പരാതികളൊന്നും തന്നെ നിലനില്‍ക്കില്ലെന്നുള്ളത് അന്ന് ഉറപ്പുള്ള കാര്യമായിരുന്നു.

ഒരിക്കല്‍ കോളേജിനകത്തെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റിരുന്നു. ഏതാണ്ട് മരണത്തെ മുഖാമുഖം കണ്ട് ആ വിദ്യാര്‍ത്ഥി ഹോസ്പിറ്റലില്‍ അഡ്മിറ്റായപ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ ഈ കോളേജിന്റെ പേരില്ലായിരുന്നു. അന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത് അഡ്മിഷന്റെ സമയമാണ്, അതുകൊണ്ട് കോളേജിന്റെ പേര് വാര്‍ത്തകളില്‍ വരരുത് എന്നും ആ പേര് നല്‍കാതിരിക്കാന്‍ മാനേജ്മെന്റ് പണം നല്‍കിയിരുന്നു എന്നുമായിരുന്നു.

ഈ കാലത്തിനകത്ത് നെഹ്റു കോളേജിനകത്ത് റാഗിങ്ങ് സംബന്ധമായി എത്ര കേസുകള്‍ ഉണ്ടായിട്ടുണ്ട്? മാനേജ്മെന്റിനോട് ചോദിച്ചാല്‍ അവിടെ അങ്ങനെ ഒരു സംഭവമേ ഉണ്ടാവാറില്ലെന്നായിരിക്കും മറുപടി.  എന്നാല്‍ കോയമ്പത്തൂരിലെ അവരുടെ ക്യാമ്പസുകളില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ചെറിയ റാഗിങ്ങിനെങ്കിലും ഇരയായവരുമായിരിക്കും. ഇത്രയേറെ അച്ചടക്കം തല്ലിപ്പഠിപ്പിച്ചിട്ടും എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്? ഇനി അഥവാ ആരെങ്കിലും പരാതിയുമായി ചെന്നാല്‍ തന്നെ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവില്ല. ക്യാമ്പസിന് പുറത്താണ് റാഗിങ്ങ് സംഭവിച്ചത് എന്ന കാരണം പറഞ്ഞ് അതിനെ തള്ളിപ്പറയുകയും ചെയ്യും.

ഞങ്ങളുടെ പഠനകാലത്ത് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ അപ്രൂവല്‍ ഉണ്ടെന്ന് കാണിച്ചുകൊണ്ടായിരുന്നു അന്ന് കോഴ്സുകള്‍ നടത്തപ്പെട്ടത്. അതിനിടയ്ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി താത്കാലികമായി റദ്ദ് ചെയ്യപ്പെടുകയുണ്ടായി. ഇന്‍സ്റ്റിറ്റൂഷനാവശ്യമായ ലാര്‍ജര്‍ എയര്‍ക്രാഫ്റ്റ് ക്യാമ്പസിനകത്തില്ല എന്ന കാരണത്താലായിരുന്നു അത്. അന്ന് ആ ആരോപണം ഉയര്‍ന്നപ്പോള്‍ മാനേജ്മെന്റിനെതിരെ ചില വിദ്യാര്‍ത്ഥികള്‍ സംസാരിച്ചതിനെ അച്ചടക്കത്തിന്റെ വാളോങ്ങി നിശബ്ദരാക്കിയെങ്കിലും, പിന്നീട് എല്ലാ വിദ്യാര്‍ത്ഥികളും ഒറ്റക്കെട്ടായി ഈ ആവശ്യമുന്നയിച്ചപ്പോള്‍ അവര്‍ക്കവിടെ ഒരു എയര്‍ക്രാഫ്റ്റ് കൊണ്ടുവരേണ്ട അവസ്ഥയുണ്ടായി. എങ്കിലും ആ സമയത്ത് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ അപ്രൂവ്ഡ് ബൈ ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നെഴുതിയ ഭാഗം വെട്ടിക്കളഞ്ഞിരുന്നു. കോഴ്സ് കഴിഞ്ഞതുകൊണ്ടും, കോളേജിന് പുറത്തായതിനാല്‍ സംഘടിക്കാനുള്ള ശേഷി നഷ്ടപ്പെട്ടതുകൊണ്ടും ചില ഒറ്റപ്പെട്ട തര്‍ക്കങ്ങളോടെ ആ പ്രശ്നം അവര്‍ക്ക് അവസാനിപ്പീക്കാന്‍ സാധിച്ചു. എല്ലാ കോളേജുകള്‍ക്കും ആവശ്യമായ സംവിധാനങ്ങള്‍ക്കായി പരിശോധനസംഘത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് ഞങ്ങളുടെ ക്യാമ്പസ് ആയിരുന്നു. ആ ക്യാമ്പസിന്റെ പേരിലാണ് മറ്റുള്ള ക്യാമ്പസുകളിലെല്ലാം എയറോനോട്ടിക്കല്‍ സംബന്ധമായ കോഴ്സുകള്‍ക്ക് അവര്‍ അനുമതി വാങ്ങിയിരുന്നത്.

ഇതിനെല്ലാം പുറമെ യൂണിഫോമിന്റെ പേരില്‍, അറ്റന്റന്‍സിന്റെ പേരില്‍, താടിയും മുടിയും വളരുന്നതിന്റെ പേരിലൊക്കെ മാനസികവും ശാരീരികവുമായ പീഢനങ്ങള്‍ക്കാണ് അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും ഭാഗത്ത് നിന്ന് നേതൃത്വം ഉണ്ടായിരുന്നത്. മികച്ച അദ്ധ്യാപകരുടെ എണ്ണം വളരെ പരിമിതം തന്നെയായിരുന്നു നെഹ്റു കോളേജില്‍. വിരലിലെണ്ണാവുന്നയത്രയാളുകളെ മാത്രമേ അവിടെ അദ്ധ്യാപകരായി കണക്കാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം മാനേജ്മെന്റിന്റെ വാലായി നിന്ന്, അവരോടൊപ്പം വിദ്യാര്‍ത്ഥിപീഢനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നവരായിരുന്നു.

ഇത്രയും പറഞ്ഞത് ആ കോളേജിനകത്തെ പീഡനങ്ങളെ കുറിച്ച് മാത്രമാണ്. ഇനി സാമ്പത്തികമായി അവരെങ്ങനെയാണ് അക്കാലത്ത് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്തിരുന്നത് എന്നതിനെ കുറിച്ച് പറയാം. നിരവധി ഇവന്റുകളാണ് നെഹ്റു കോളേജ് ഓഫ് ഗ്രൂപ്പ് സംഘടിപ്പിച്ചിരുന്നത്. ആ ഇവന്റുകള്‍ക്കെല്ലാം ഒരു നിശ്ചിതതുക എല്ലാ വിദ്യാര്‍ത്ഥികളും നല്‍കണം. അത് നിര്‍ബന്ധിത പിരിവായിരുന്നു. നല്‍കാത്തവര്‍ക്ക് ഇന്റേണലുകള്‍ക്കും, അസൈന്മെന്റുകള്‍ക്കും, റെക്കോഡ് സബ്മിഷനിലുമൊക്കെ പിടിവീഴും. അതുകൊണ്ട് തന്നെ ആരും അക്കാര്യത്തില്‍ വീഴ്ച വരുത്താതെ ആ തുകകളെല്ലാം തന്നെ മാനേജ്മെന്റിന് കൈമാറിക്കൊണ്ടിരുന്നു. അതുപോലെ ഏതെങ്കിലും വിദ്യാര്‍ത്ഥി ഇടയ്ക്ക് വച്ച് പഠനമുപേക്ഷിക്കേണ്ട ഘട്ടം വരുമ്പോള്‍, അത് ആരോഗ്യപരമാണെങ്കില്‍ പോലും ആ കുട്ടിയുടെ ഫീസ് കൈപ്പറ്റിയ ശേഷമേ സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടു നല്‍കുകയുള്ളൂ. എന്തിനേറേ, കോളേജില്‍ നിന്ന് അറ്റന്റന്‍സ് ഇല്ലാത്ത കാരണത്താല്‍ ഡീബാര്‍ ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് പോലും മുഴുവന്‍ ഫീസ് വാങ്ങിയെടുത്ത ചരിത്രം ആ മാനേജ്മെന്റിനുണ്ട്.

അതുപോലെ ലാബുകളില്‍ ഏതെങ്കിലും മെഷിനറികള്‍ക്ക് തകരാറ് സംഭവിച്ചാല്‍, ഹോസ്റ്റലിലൊ, ക്ലാസ് റൂമിലോ എന്തെങ്കിലും പ്രവര്‍ത്തന രഹിതമായാല്‍ എന്നുവേണ്ട ക്യാമ്പസിനകത്ത് എന്ത് സംഭവിച്ചാലും അതിന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കോമണ്‍ ഫൈന്‍ എന്ന പേരില്‍ ഒരു ശിക്ഷാവിധിയുണ്ടായിരുന്നു. അതിനെ കുറിച്ച് നമ്മള്‍ അറിയുന്നത് തന്നെ പരീക്ഷയുടെ ഹോള്‍ ടിക്കറ്റ് വാങ്ങാനെത്തുമ്പോഴാണ്. ആ തുക കൃത്യമായി അടച്ച് രശീതി കാണിച്ചാല്‍ മാത്രമെ എക്സാമിനുള്ള ഹാള്‍ ടിക്കറ്റ് അദ്ധ്യാപകര്‍ നമുക്ക് നല്‍കുകയുള്ളൂ. യുണിഫോം, ഷൂ തുടങ്ങി എല്ലാ സാധനങ്ങളും നമ്മള്‍ കോളേജ് വെണ്ടര്‍മാരില്‍ നിന്ന് തന്നെ വാങ്ങണമെന്നതായിരുന്നു മറ്റൊരു നിര്‍ബന്ധം. അല്ലാത്ത യൂണിഫോം അവര്‍ അംഗീകരിക്കില്ലെന്ന് മാത്രമല്ല, അതിന്റെ ശിക്ഷ ഫൈന്‍ രൂപത്തിലും, അറ്റന്റന്‍സ് ഇല്ലായ്മയിലുമായി അനുഭവിക്കുക കൂടിവേണം.

ഒരു പേപ്പര്‍ പ്രെസന്റേഷന് കോളേജിന്റെ പേരില്‍ പോവണമെങ്കില്‍ പോലും സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവഴിക്കണമെന്നതായിരുന്നു അവിടുത്തെ അവസ്ഥ. എന്നാല്‍ അനാവശ്യമായി ക്യാമ്പസിലും ക്ലാസ് മുറികളിലും ക്യാമറകള്‍ ഘടിപ്പിച്ച് എല്ലാവരെയും നിരീക്ഷിക്കാനോ, സ്വന്തം ലക്ഷ്വറി വാഹനം മാറ്റി മാറ്റി വാങ്ങാനോ യാതൊരു വിധ സാമ്പത്തികപ്രശ്നവും അവര്‍ക്കില്ല. പഠനവുമായി ബന്ധപ്പെട്ട ഏതാവശ്യങ്ങള്‍ക്കും വിദ്യാര്‍ത്ഥികളില്‍ നിന്ന് തന്നെ പണം പിരിച്ചെടുക്കും.

ഫീസിന്റെയും ഡോണേഷന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴയുമില്ലാത്ത സമീപനമായിരുന്നു മാനേജ്മെന്റിനുണ്ടായിരുന്നത്. ഫീസടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ നിഷ്കരുണം ക്ലാസ് മുറികളില്‍ നിന്ന് പുറത്താക്കുകയും, അവരുടെ അറ്റന്റന്‍സ് വെട്ടിക്കുറയ്ക്കുകയും ചെയ്ത് അവരുടെ പഠനം ഇല്ലാതാക്കാനായിരുന്നു മാനേജ്മെന്റ് ശ്രമിച്ചിരുന്നത്. ആദ്യവര്‍ഷത്തില്‍ ഇപ്രകാരം വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സാധിച്ചാല്‍ അവരുടെ ഫീസ് ഇനത്തിലെ തുക കൈയ്യില്‍ കിട്ടുമെന്ന് മാത്രമല്ല, രണ്ടാം വര്‍ഷം ലാറ്ററല്‍ എണ്ട്രി വിഭാഗത്തില്‍ പുതിയ അഡ്മിഷന്‍ നടത്താനും ഇവര്‍ക് സാധിക്കുമായിരുന്നു.

ഇങ്ങനെയുള്ള വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളില്‍ കെട്ടിപ്പൊക്കിയെടുത്തിട്ടുള്ളതാണ് നെഹ്രൂ ഗ്രൂപ്പ് ഒഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്ന സ്ഥാപനം. അതുകൊണ്ട് തന്നെ ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ മരണം ഒരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡര്‍  തന്നെയാണ്. പല നിസാര കുറ്റങ്ങള്‍ ചെയ്തവരെയും പരീക്ഷയ്ക്കിരുത്താതെ ഇയര്‍ ബാക്ക് നല്‍കിയ ചരിത്രം ഞങ്ങള്‍ക്ക് മുന്നിലുണ്ട്. അതിനെയെല്ലാം മാനസികമായി അതിജീവിച്ചതുകൊണ്ട് മാത്രം ഇന്നും ജീവനോടെ നില്‍ക്കുന്നവര്‍ അതിന് സാക്ഷി പറയും. അതുകൊണ്ട് ആ കോളേജിന്റെ ജനല്‍ച്ചില്ലുകള്‍ വിദ്യാര്‍ത്ഥി രോഷത്താലുടഞ്ഞ് വീഴുമ്പോഴും ഉള്ളില്‍ സന്തോഷിക്കുന്ന ഒരുപാട് മുഖങ്ങളെ എനിക്കിപ്പോള്‍ കാണാം.

കണ്മുന്നില്‍ കാണുന്ന നീതികേടിനെ നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടിവരികയും, ഒരക്ഷരം അതിനെതിരെ ശബ്ദിക്കാതെ ആ വ്യവസ്ഥയോട് സമരസപ്പെട്ട് മുന്നോട്ട് പോവേണ്ടി വരുന്നവരുടെയും അവസ്ഥ ഇത് തന്നെയാണ്. അതിനോടിനി കലഹിക്കാതിരിക്കാന്‍ വയ്യ. അതിനായി വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയപ്രബുദ്ധരാവട്ടെ.. തെറ്റുകളെ ചോദ്യം ചെയ്യട്ടെ..

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top