ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന കോളേജിന്റെ വാദം പൊളിയുന്നു; ജിഷ്ണു കോപ്പിയടിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍

ഫയല്‍ ചിത്രം

തൃശൂര്‍ : ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത് കോപ്പിയടിച്ചതിന് പിടിച്ചതിനാലാണെന്ന പാമ്പാടി നെഹ്‌റു കോളജിന്റെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഷാബു പറഞ്ഞു.

വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശപ്രകാരം നെഹ്‌റു കോളേജില്‍ തെളിവെടുപ്പിനെത്തിയപ്പോഴാണ് പരിക്ഷാ കണ്‍ട്രോളര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാല നിയമമനുസരിച്ച് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചാല്‍ അന്നേദിവസം തന്നെ സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍ ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായുള്ള യാതൊരു റിപ്പോര്‍ട്ടും സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടില്ലെന്നും ഡോ ഷാബു വ്യക്തമാക്കി.
പരീക്ഷയ്ക്കിടെ കോപ്പിയടിച്ച ജിഷ്ണുവിനെ അധ്യാപകര്‍ പിടികൂടുകയും ഈ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ വാദിച്ചിരുന്നത്. എന്നാല്‍ പരീക്ഷാ കണ്‍ട്രോളറുടെ വിശദീകരണത്തോടെ കോളേജിന്റെ വാദമാണ് പൊളിഞ്ഞത്. എന്നാല്‍ ജിഷ്ണു തുണ്ടു കടലാസ് ഉപയോഗിച്ചല്ല, മറ്റൊരു കുട്ടിയുടെ പേപ്പര്‍ നോക്കി എഴുതുകയായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഷ്ണുവിനെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോളജിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. കൂടാതെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധസൂചകമായി ഇന്ന് വിദ്യാഭ്യാസ ബന്ദും ആചരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top