‘മറ്റൊരു ജിഷ്ണു ഉണ്ടാകരുത്’; നെഹ്‌റു കോളേജിനെയും ‘ഇടി മുറിയെയും’ പറ്റിയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഫെയ്സ്ബുക്ക് ലൈവ് വീഡിയോയില്‍ നിന്ന്

തൃശൂര്‍: നെഹ്‌റു കോളേജില്‍ നിന്നുണ്ടായ പീഡനങ്ങളെ തുടര്‍ന്ന് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധാഗ്നി ആളിക്കത്തുകയാണ്. നവമാധ്യമങ്ങളില്‍ പലതരത്തിലുള്ള പ്രതിഷേധങ്ങളും തുറന്നു പറച്ചിലുകളും ഇതിനകം ഉണ്ടായിട്ടുണ്ട്. അനാവശ്യമായ പിഴശിക്ഷകളുടേയും പീഡനങ്ങളുടേയും കഥകളാണ് ഇതിലൂടെ പുറത്തു വരുന്നത്.

പ്രത്യാഘാതങ്ങളെ ഭയമില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് പെരുമ്പാവൂര്‍ സ്വദേശിയായ ബിബിന്‍ ജേക്കബ് സാറ എന്ന നെഹ്‌റു കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ഫെയ്‌സ്ബുക്ക് ലൈവുമായി രംഗത്തെത്തിയിരിക്കുകയാണ്. ദിവസങ്ങളായി എല്ലാവരും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കോളേജിലെ ഇടിമുറിയുടെ നിജസ്ഥിതി എല്ലാവരേയും അറിയിക്കാനാണ് ഈ വീഡിയോ എന്ന് പറഞ്ഞു കൊണ്ടാണ് ബിബിന്റെ ഫെയ്‌സ്ബുക്ക് ലൈവ് ആരംഭിക്കുന്നത്.

കോളേജിലെ 2008-2012 ബാച്ച് വിദ്യാര്‍ത്ഥിയാണ് ബിബിന്‍. ആ സമയത്തും സമാനമായ അവസ്ഥയാണ് കോളേജിലെന്നാണ് ഇദ്ദേഹം പറയുന്നത്. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും രീതിയില്‍ പ്രതികരിക്കാനോ സമരം ചെയ്യാനോ ശ്രമിച്ചാല്‍ അതെല്ലാം ശക്തമായി അടിച്ചമര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രതികരണ ശേഷി ഇല്ലാതാക്കാനാണ് നെഹ്‌റു ഗ്രൂപ്പ് ശ്രമിച്ചിരുന്നത്. ഇതിന് സാക്ഷിയാണ് താന്‍. തന്റെ സുഹൃത്തുക്കളുടെ അടിവയറില്‍ മുട്ടുകാല്‍ കൊണ്ട് ഇടിച്ച സംഭവത്തിന് സാക്ഷിയായിരുന്നു താനെന്നും ബിബിന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു.

മൊബൈല്‍ഫോണ്‍ പരിശോധന എന്ന പേരില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കോളേജ് അധികൃതര്‍ നടത്തിയ അതിക്രമങ്ങളെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ പാലക്കാട്-ഗുരുവായൂര്‍ പാതയില്‍ നടത്തിയതുള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ സമൂഹത്തെ അറിയിക്കാന്‍ ഒരു മാധ്യമങ്ങളും തയ്യാറായില്ല. ‘നിന്റെയൊക്കെ ഭാവി ഇല്ലാതാക്കും’ എന്ന് താനുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് തങ്ങള്‍ക്ക് മറ്റൊരു നിര്‍വ്വാഹവുമില്ലാത്തതിനാല്‍ സഹിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.

ഇപ്പോള്‍ ഇതെല്ലാം തുറന്ന് പറഞ്ഞാല്‍ മരിച്ച് പോയ ജിഷ്ണു തിരിച്ച് വരില്ല; എന്നാല്‍ മറ്റൊരു ജിഷ്ണു ഉണ്ടാകരുത്. ഏതൊരു കോളേജിലും പഠിക്കുന്ന ഓര്‍ക്കും ഇത്തരമൊരു അനുഭവം ഇനി ഉണ്ടാകരുത്. നെഹ്‌റു കോളേജില്‍ പഠിച്ചിറങ്ങിയ ഏതെങ്കിലും വിദ്യാര്‍ത്ഥി തങ്ങള്‍ പഠിച്ച കോളേജിനെയോര്‍ത്ത് അഭിമാനിക്കുന്നു എന്ന് പറഞ്ഞാല്‍ ക്ഷമ ചോദിക്കാം. അവിടെ പഠിച്ചവരെല്ലാം സ്വന്തം മോഹങ്ങളും സ്വപ്‌നങ്ങളും പണയം വച്ചവരാണ്. ഈ വീഡിയോ കൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെല്ലാം നേരിടാന്‍ താന്‍ തയ്യാറാണ്. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ തീര്‍ച്ചയായും ഫലം കാണും എന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ബിബിന്റെ ഫെയ്‌സ്ബുക്ക് ലൈവ് അവസാനിക്കുന്നത്.

ബിബിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top